ചെങ്കൽ പഞ്ചായത്ത് കമ്മിറ്റിയിൽ മെംബർമാരും ഉദ്യോഗസ്ഥരും തമ്മിലടി; ഒരു മെംബർക്ക് പരിക്കേറ്റു

പാറശ്ശാല: ചെങ്കൽ പഞ്ചായത്ത് കമ്മിറ്റിയിൽ മെംബർമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ചു. ഒരു മെംബർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച 11.30ഒാടെ ചേർന്ന അടിയന്തര കമ്മിറ്റിക്കിടെയായിരുന്നു സംഭവം. കമ്മിറ്റിക്കായി പ്രതിപക്ഷ-ഭരണപക്ഷ-ബി.ജെ.പി മെംബർമാരുൾപ്പെടെ എത്തിയെങ്കിലും പ്രസിഡൻറും വൈസ് പ്രസിഡൻറും എത്തിയില്ല. പഞ്ചായത്തിലെ ടെൻഡർ നൽകുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനാണ് സെക്രട്ടറി കമ്മിറ്റി വിളിച്ചത്. പഞ്ചായത്തിലെ ടെൻഡർ നടപടികളിൽ വ്യാപക അഴിമതിയുണ്ടെന്ന് നേരത്തേതന്നെ പ്രതിപക്ഷം കമ്മിറ്റിയിൽ ബഹളം ഉണ്ടാക്കുകയും തർക്കമുണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ, പ്രസിഡൻറും വൈസ് പ്രസിഡൻറും എത്താത്തതിനാൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാ​െൻറ സാന്നിധ്യത്തിൽ കമ്മിറ്റി കൂടാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിന് സെക്രട്ടറി തയാറാവാത്തതിനെതുടർന്ന് പ്രതിപക്ഷ-ബി.ജെ.പി മെംബർമാർ സെക്രട്ടറിയെ ഉപരോധിച്ചു. ഉപരോധത്തിനിടയിൽ മര്യാപുരം വാർഡ് മെംബർ തോമസ് പ്രാഥമിക ആവശ്യത്തിനായി ഹാളിന് പുറത്തിറങ്ങിയപ്പോൾ ഉദിയൻകുളങ്ങര വാർഡ് മെംബർ ശാന്തകുമാറും ഓഫിസിലെ ഒരു ജീവനക്കാരിയും തോമസ് മെംബറെ തടഞ്ഞുനിർത്തുകയും ഇവർ തമ്മിൽ വാക്കുതർക്കം നടക്കുകയും ചെയ്തു. തർക്കം ഒടുവിൽ മർദനത്തിൽ കലാശിക്കുകയായിരുന്നു. ശാന്തകുമാറിനെയും ജീവനക്കാരിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷ അംഗങ്ങളും ബി.ജെ.പി മെംബർമാരും സെക്രട്ടറിയുടെ ഓഫിസിൽ തള്ളിക്കയറി. ബഹളത്തെതുടർന്ന് സെക്രട്ടറി ഓഫിസിൽനിന്ന് ഇറങ്ങിയോടിയതിനെതുടർന്ന് ഇവർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. വൈകുന്നേരംവരെയും സമരം തുടർന്നു. മർദനത്തിൽ പരിക്കേറ്റ തോമസിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തിൽ ശനിയാഴ്ച കാമരാജ് കോൺഗ്രസ് രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചെങ്കൽ പഞ്ചായത്തിൽ ടെൻഡറുകളിൽ വ്യാപക അഴിമതിയുള്ളതായി നേരത്തേതന്നെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.