ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: പരാതിയുമായി കൂടുതൽപേർ; അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ്

വർക്കല: ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് തട്ടിപ്പിനിരയായ കൂടുതൽപേർ പരാതിയുമായെത്തി. ഇതേതുടർന്ന് അന്വേഷണം വ്യാപിപ്പിക്കാനും ഊർജിതമാക്കാനും തീരുമാനിച്ചതായി വർക്കല സി.ഐ പി.വി. രമേശ്കുമാർ അറിയിച്ചു. വർക്കലയിൽനിന്ന് മാത്രം മൂന്നുപേരിൽനിന്നായി 24 ലക്ഷം രൂപയാണ് മഞ്ജുള നായർ കൈക്കലാക്കിയത്. ഇവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ് തട്ടിപ്പിനിരയായ മറ്റു ചിലർകൂടി പരാതികളുമായി പൊലീസിനെ സമീപിച്ചു. തിരുവനന്തപുരം, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിലാണ് ബുധനാഴ്ച കൂടുതൽ പരാതികളെത്തിയത്. ഈ പരാതികൾ അവിടങ്ങളിൽ രജിസ്റ്റർ ചെയ്ത് അന്വേഷിക്കും. തട്ടിപ്പ് കേസുകളിൽ അടുത്തിടെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്ത ഗീതാറാണിക്കും മഞ്ജുള നായർക്കുമൊപ്പം തട്ടിപ്പിൽ പങ്കാളിയായിരുന്ന വടകര സ്വദേശി സുരേഷിനെയും കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പുളിമൂട്ടിലാണ് മഞ്ജുള നായരും സുരേഷും ചേർന്ന് തട്ടിപ്പിനായി റെഡ് കമ്യൂണിക്കേഷൻ എന്ന സ്ഥാപനം നടത്തിവന്നത്. ഇവിടെ തെളിവുകൾ ശേഖരിക്കാനും വ്യാജ നിയമന രേഖകൾ നിർമിക്കാനും ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്ക്, പ്രിൻററുകൾ എന്നിവ കസ്റ്റഡിയിലെടുക്കൽ പൊലീസ് ലക്ഷ്യമിട്ടിരുന്നു. എന്നാൽ, മഞ്ജുള നായർ പിടിയിലായതോടെ സ്ഥാപനം പൂട്ടി സുരേഷും ജീവനക്കാരും സ്ഥലംവിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. മഞ്ജുള നായരെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും. ഇതിനായി പൊലീസ് കോടതിയിൽ ബുധനാഴ്ച അപേക്ഷ നൽകി. ഉദ്യോഗം വാങ്ങിനൽകാമെന്ന് ധരിപ്പിച്ചാണ് ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തത്. ഫെഡറൽ ബാങ്ക്, ഇന്ത്യൻ പ്രതിരോധസേന, സർക്കാർ ഉടമസ്ഥതയിലുള്ള കെപ്കോ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ജോലി വാഗ്ദാനംചെയ്യുന്നത്. ഉദ്യോഗാർഥികളുടെ തരംപോലെ ലക്ഷങ്ങളാണ് മുൻകൂറായി വാങ്ങുന്നത്. ശേഷം അതത് സ്ഥാപനങ്ങളുടെ ലെറ്റർപാഡ് വ്യാജമായി നിർമിച്ചാണ് നിയമന ഉത്തരവ് നൽകിയിരുന്നത്. ഇത്തരം തട്ടിപ്പുകൾ സംസ്ഥാനത്തൊട്ടാകെ ഇവർ നടത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസി​െൻറ പ്രാഥമികനിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.