ജീവനക്കാരുടെ നിസ്സഹകരണം; ഫോർട്ട് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പ്രവർത്തനം ഭാഗികം

തിരുവനന്തപുരം: ജീവനക്കാരുടെ നിസ്സഹകരണം കാരണം ഫോർട്ട് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പ്രവർത്തനം ഭാഗികം. മനുഷ്യാവകാശ കമീഷൻ ഉൾപ്പെടെ ഗൈനക്കോളജി പൂർണമായ തോതിൽ പ്രവർത്തനം ആരംഭിക്കണമെന്ന് നിർദേശം നൽകിയിട്ടും ആശുപത്രി അധികൃതരുടെ ഒത്താശയോടെ ജീവനക്കാർ ഒഴിവുകളുടെ കാര്യം പറഞ്ഞ് ഗൈനക്കോളജി വിഭാഗത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. ജീവനക്കാരുടെ എണ്ണം കുറവായതിനാൽ പുതിയ ആളുകളെ നിയമിക്കണമെന്ന നിലപാടാണ് തിരിച്ചടിയാകുന്നത്. ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് അജയ്മോഹൻ ഡി.എം.ഒക്ക് കത്തയച്ചു. ഇപ്പോൾ ഗൈനക്കോളജി ഒ.പിയിൽ എത്തുന്നവരെ പരിശോധന നടത്തി മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. ആശുപത്രിയിലെ കിടക്കകളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും തമ്മിൽ തട്ടിച്ചുനോക്കുമ്പോൾ നിലവിലെ സംവിധാനത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ തടസ്സമില്ലെന്നാണ് സൂചന. നിലവിൽ 17 നഴ്സിങ് ജീവനക്കാരാണ് ഉള്ളത്. ഇതിൽ ഒരാൾ നീണ്ട അവധിയിലും മറ്റൊരാൾ വർക് അറേജ്മ​െൻറിൽ മറ്റൊരു ആശുപത്രിയിലുമാണ്. ബാക്കി 15 നഴ്സിങ് ജീവനക്കാർ ആശുപത്രിയിൽ ഉണ്ട്. ഇവർ സഹകരിച്ചാൽതന്നെ ഗൈനക്കോളജി വാർഡ് പ്രവർത്തനം ആരംഭിക്കാൻ കഴിയും. എന്നാൽ, ജീവനക്കാരുടെ കുറവുള്ളതിനാൽ ഗൈനക്കോളജി ഒ.പി മാത്രം തൽക്കാലം പ്രവർത്തനം നടത്തിയാൽ മതിയെന്നാണ് ജീവനക്കാരുടെ പക്ഷം. ദിവസവേതനത്തിൽ ജീവനക്കാരെ എടുക്കാനായി ആശുപത്രി അധികൃതർക്ക് ആരോഗ്യവകുപ്പിലേക്ക് ശിപാർശ നൽകാം. എന്നാൽ, ജീവനക്കാരുടെ ഒഴിവ് നികത്തണമെന്ന് പറഞ്ഞ് ആരോഗ്യവകുപ്പിലേക്ക് കത്തയച്ച് ഉത്തരവാദിത്തത്തിൽനിന്ന് ആശുപത്രി അധികൃതർ ഒഴിഞ്ഞുമാറിയതായി രോഗികൾ ആരോപിക്കുന്നു. എന്നാൽ, നഴ്സിങ് വിഭാഗത്തിലും നൈറ്റ് അസിസ്റ്റൻറ്, അറ്റൻഡർ തസ്തികകളിലും ഒഴിവുണ്ടെന്നും ആരോഗ്യവകുപ്പിന് നൽകിയിട്ടുള്ള കത്തിൽ തീരുമാനം ഉണ്ടാകുന്നതിനനുസരിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നേരത്തേ ഓപറേഷൻ തിയറ്ററും വാർഡും ഉൾപ്പെടെ പ്രവർത്തിച്ചുവന്ന ഗൈനക്കോളജി വിഭാഗം നിലവിൽ ഒ.പി മാത്രമായി ചുരുങ്ങിയിരുന്നു. പ്രവർത്തിക്കാനായി കെട്ടിടമില്ലെന്ന വാദമുന്നയിച്ചാണ് ഒ.പി മാത്രം പ്രവർത്തിച്ചുവന്നത്. ഗൈനക്കോളജിക്കായി കെട്ടിടം നിർമിച്ചെങ്കിലും അത് ഹെറിറ്റേജ് കമീഷ​െൻറ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ടി.സി നമ്പർ ലഭിച്ചിരുന്നില്ല. വാർത്തകളെ തുടർന്ന് പിന്നീട് കെട്ടിടത്തിന് താൽക്കാലിക നമ്പർ അനുവദിച്ചു. ഇതോടെ ഗൈനക്കോളജി ഒ.പി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇതിന് തുടർച്ചയായി ഗൈനക്കോളജി വാർഡും ഓപറേഷൻ തിയറ്ററുമൊക്കെ വരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും പുരോഗതി ഉണ്ടായില്ല. തീരദേശവാസികൾക്ക് ഉൾപ്പെടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ആശ്രയമായിരുന്ന ഗൈനക്കോളജി വിഭാഗമാണ് ഇപ്പോൾ ഈ ദുരവസ്ഥ നേരിടുന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് വിവിധ രാഷ്ട്രീയപാർട്ടികളും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.