തെരുവുനായ്ക്കള്‍ പെരുകുന്നു; നാട്ടുകാര്‍ ഭീതിയില്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഭീതിയിലാക്കി തെരുവുനായ്ക്കള്‍ പെരുകുന്നു. നഗരസഭയുടെ പദ്ധതി വെളിച്ചം കാണാന്‍ വൈകുന്നു. തലസ്ഥാന ജില്ലയിലും നഗരത്തിലും തെരുവുനായ്ക്കള്‍ ഭീതിപരത്തി പെരുകിയിട്ട് വര്‍ഷങ്ങളായി. ദിനംപ്രതി നിരവധി പേര്‍ക്ക് കടിയേറ്റിട്ടും ശാശ്വത പരിഹാരം എന്തെന്ന് നിശ്ചയിക്കാനാവാതെ നഗരസഭയും സര്‍ക്കാറും ഇരുട്ടില്‍ തപ്പുന്നു. പ്രതിഷേധ ശക്തമാണ്. ഈ വര്‍ഷത്തെ അഞ്ച് മാസത്തിനിടെ കടിയേറ്റവരുടെ എണ്ണം പതിനായിരം കടന്നെന്നാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ വരെയുള്ള കണക്ക് അനുസരിച്ച് ജില്ലയില്‍ 8900 പേര്‍ക്കാണ് കടിയേറ്റത്. ഇതില്‍ ഭൂരിഭാഗവും നഗരസഭാ പരിധിയില്‍പെട്ടവരാണ്. ജനുവരിയില്‍ 2715, ഫെബ്രുവരി 2149, മാര്‍ച്ച് 2216, ഏപ്രില്‍ 1369 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ഈ മാസം ഇതുവരെ മാത്രം 5000ത്തോളം പേര്‍ക്ക് കടിയേറ്റു. ഒരാഴ്ചക്കിടെ ജില്ലയിലാകെ അഞ്ഞൂറോളം പേര്‍ക്ക് കടിയേറ്റു. ഇതില്‍ നഗരവാസികളാണ് ഏറെയും. പേവിഷബാധക്കെതിരെ കൂടുതല്‍ പേര്‍ ചികിത്സ തേടി എത്തുന്ന ജനറല്‍ ആശുപത്രി ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ മാത്രമാണിത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരും നിരവധിയാണ്. മാലിന്യം റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും നിക്ഷേപിക്കുന്നതും മാലിന്യനീക്കം നടക്കാത്തതും നായ്ക്കള്‍ പെരുകാന്‍ കാരണമാകുന്നു. വന്ധ്യംകരണ സംവിധാനം ഫലപ്രദമായി നടപ്പാക്കാന്‍ നഗരസഭക്ക് കഴിയാതെ വന്നതാണ്. ഇവയുടെ ശല്യം രൂക്ഷമാകാന്‍ ഇടയാക്കുന്നത്. നഗരസഭയുടെ കീഴില്‍ പ്രതിദിനം പത്തോളം നായ്ക്കളെ വന്ധ്യംകരിക്കുന്നുണ്ടെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യം അന്വേഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. നഗരവാസികള്‍ക്ക് റോഡിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നീങ്ങിയിട്ടും ഗുരുതരാവസ്ഥ തടയാന്‍ നടപടി ഉണ്ടായില്ല. വീടുകളില്‍ കയറിയും ആക്രമണം നടത്തുന്ന നായ്ക്കള്‍ ഏറെയാണ്. പാപ്പനംകോട് എസ്റ്റേറ്റ് റോഡില്‍ അടുത്തിടെയാണ് പത്തുവയസ്സുകാരിയുടെ മുഖം കടിച്ചുമുറിച്ചത്. രക്ഷിക്കാനത്തെിയ അപ്പൂപ്പനും അമ്മൂമ്മക്കും കടിയേറ്റു. വീടുകളില്‍ കയറി വളര്‍ത്തുമൃഗങ്ങളെയും കോഴികളെയും കടിക്കുന്നതും മറ്റൊരു ഭീഷണിയാണ്. ഇവര്‍ ഉണ്ടാക്കുന്ന വാഹന അപകടങ്ങള്‍ വേറെയും. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍പെടുന്നത്. ചാക്ക -കോവളം ദേശീയപാതയില്‍ ഇവയുടെ ശല്യം രൂക്ഷമായതോടെ അപകടങ്ങള്‍ കൂടിയിട്ടുണ്ട്. തിരുവല്ലം ജങ്ഷന് സമീപം ബൈക്ക് യാത്രക്കാരനെ ആക്രമിച്ചത് കൂട്ടാമായത്തെിയ സംഘമായിരുന്നു. രാത്രിയും പുലര്‍ച്ചെയുമാണ് ആക്രമണഭീഷണി കൂടുതല്‍. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കുട്ടികള്‍ക്കുനേരെ ശല്യം വര്‍ധിക്കുമെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്. ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ നടപടിയെടുക്കാന്‍ വൈകരുതെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. നഗരത്തില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപ്പാക്കിയ പദ്ധതികള്‍ ഒന്നൊന്നായി പരാജയപ്പെട്ടതിനാല്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നതായി നഗരസഭ പറയുന്നു. എന്നാല്‍ എന്ന് എന്ന ചോദ്യം അവശേഷിക്കുന്നു. രണ്ട് കോടി രൂപയോളം ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ മൊബൈല്‍ ഓപറേഷന്‍ തിയറ്റര്‍ കൂടാതെ മുഴുവന്‍ നായ്ക്കള്‍ക്കും വാക്സിനേഷനും ലൈസന്‍സും നല്‍കാന്‍ നടപടി ഉണ്ടാകുമെന്നാണ് വിശദീകരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ നടപടി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.