പൂജാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കീഴടങ്ങി

കഴക്കൂട്ടം: പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ആളൊഴിഞ്ഞ വീട്ടില്‍ നായക്കൊപ്പം പൂട്ടിയിട്ട കേസില്‍ മുഖ്യപ്രതികളായ രണ്ടുപേര്‍ മെഡിക്കല്‍ കോളജ് സി.ഐ ഷീന്‍ തറയിലിനുമുന്നില്‍ കീഴടങ്ങി. ശ്രീകാര്യത്തിന് സമീപം വെഞ്ചാവോട് സ്വദേശികളായ സുമരാജ് (27), രാജേഷ് കുമാര്‍(36) എന്നിവരാണ് ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്ന് കീഴടങ്ങിയത്. ആഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം. വെഞ്ചാവോട് വാടകക്ക് താമസിച്ചിരുന്ന ക്ഷേത്രപൂജാരി ദീപുവിനെയാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. സുമരാജ് നടത്തുന്ന ചിട്ടിയില്‍ ചേരണമെന്നും സുമരാജിന്‍െറ ട്രാവല്‍സിലേക്ക് പൂജാരിയുടെ കാര്‍ നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ നിരസിച്ചതിലുള്ള വൈരാഗ്യമാണത്രേ കാരണം. ഉത്രാടതലേന്ന് ഉച്ചക്ക് ഒന്നരയോടെ മദ്യപിച്ചത്തെിയ രണ്ടുപേര്‍ പുറത്തിറങ്ങിവരാന്‍ ആവശ്യപ്പെട്ട് ബഹളം വെച്ചപ്പോള്‍ പൂജാരി കെട്ടിട ഉടമയെ ഫോണില്‍ വിവരമറിയിച്ചു. നാട്ടുകാരില്‍ ചിലരെയും കൂട്ടി എത്തിയ വീട്ടുടമ ഇവരെ താക്കീത് നല്‍കി പറഞ്ഞുവിട്ടു. രാത്രി ഇവര്‍ വീണ്ടും എത്തുകയും പൂജാരിയെ കാറില്‍കയറ്റി സുമരാജ് ട്രാവല്‍സിലെ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിന് വാടകക്ക് എടുത്ത അണിയൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദിച്ച് മുറിയില്‍ നായക്കൊപ്പം പൂട്ടി ഇടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നോടെ വീടിന്‍െറ പിന്‍വാതില്‍ തുറന്ന് പൂജാരി രക്ഷപ്പെട്ടു. രാവിലെ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ശ്രീകാര്യം എസ്.ഐ ബിജു, അഡീഷനല്‍ എസ്.ഐ സൈറസ് പോള്‍, എ.എസ്.ഐ കുമാരന്‍, സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.