വിമതപ്പടക്ക് അന്ത്യശാസനം; പിന്മാറാന്‍ ഇന്ന് വൈകീട്ടുവരെ സമയം

തിരുവനന്തപുരം: പത്രികകളുടെ സൂക്ഷ്മപരിശോധനകള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് ചൂടിലേക്ക് സ്ഥാനാര്‍ഥികള്‍ പ്രവേശിച്ചെങ്കിലും വിമതപ്പടയെ മെരുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസിലും സി.പി.എമ്മിലും ബി.ജെ.പിയിലും വിമതശല്യം ഭീഷണിയാണ്. അതേസമയം, സൂക്ഷ്മപരിശോധന വ്യാഴാഴ്ച പൂര്‍ത്തിയായതോടെ കോര്‍പറേഷനിലേക്ക് 678 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. വിമതരെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ശനിയാഴ്ചയും തുടരും. ശനിയാഴ്ച വൈകുന്നേരത്തിനുമുമ്പ് വിമതര്‍ പിന്മാറണമെന്ന് പ്രധാനമുന്നണി നേതൃത്വങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ കോണ്‍ഗ്രസ് വിമതര്‍ പിന്മാറിയില്ളെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ കാണില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച പകല്‍ മുഴുവന്‍ നേതാക്കളും സ്ഥാനാര്‍ഥികളും ഇടപെട്ട് പത്രിക പിന്‍വലിക്കാന്‍ റെബല്‍ സ്ഥാനാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടും വലിയ ഗുണമുണ്ടായില്ളെന്നാണ് അറിയുന്നനത്. ശനിയാഴ്ച കൂടി പത്രിക പിന്‍വലിക്കാതെ റെബലുകള്‍ ഉറച്ചുനിന്നാല്‍ ഇരുമുന്നണിക്കും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് വലിയ സമ്മര്‍ദമുണ്ടാക്കും. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് -എമ്മും ഏറ്റുമുട്ടുന്ന വാര്‍ഡാണ് ഇപ്പോള്‍ കോര്‍പറേഷനിലെ ശ്രദ്ധാകേന്ദ്രം. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ വാര്‍ഡുകൂടിയായ പട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മത്സരിക്കാന്‍ വെള്ളിയാഴ്ച ഡി.സി.സി പ്രസിഡന്‍റ് ചിഹ്നം അനുവദിച്ച് കത്തുനല്‍കി. ഇതോടെ പട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് വ്യക്തമായി. എന്നാല്‍, ഇനി അനുരഞ്ജനചര്‍ച്ചക്ക് സാധ്യതയില്ളെന്ന് വ്യക്തമാക്കി മറ്റു രണ്ടു പാര്‍ട്ടികളും ശക്തമായ പ്രചാരണവും ആരംഭിച്ചു. രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്ന പൗണ്ടുകടവ് വാര്‍ഡില്‍ ഒടുവില്‍ വേളി വര്‍ഗീസിനെ കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി ഡി.സി.സി പ്രഖ്യാപിച്ചു. തര്‍ക്കം തീരാത്തതിനാല്‍ വേളി വര്‍ഗീസിനോടും എം. സുശീലയോടും പത്രിക നല്‍കാന്‍ പാര്‍ട്ടി നേരത്തേ ആവശ്യപ്പെട്ടിരുന്നു. സുശീല പിന്‍വാങ്ങുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍, മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡന്‍റും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ മണ്‍വിള സൈനുദ്ദീന്‍ കെ.പി.സി.സി ഇടപെട്ട ചര്‍ച്ചക്കൊടുവില്‍ പിന്മാറാന്‍ തീരുമാനിച്ചു. ജെ.എസ്.എസിനു കഴക്കൂട്ടം നല്‍കിയതില്‍ പ്രതിഷേധിച്ച് പത്രിക നല്‍കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.എസ്. അനില്‍കുമാര്‍ പിന്മാറില്ളെന്ന് പരസ്യമായി പ്രഖ്യാപിച്ചു. സ്ഥലം എം.എല്‍.എയുടെ അനുഗ്രഹാശിസ്സുകളോടെ ഘടകകക്ഷിക്കെതിരെ മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇവിടെയും ഒരേ മുന്നണിക്കുള്ളില്‍ ഏറ്റുമുട്ടല്‍ ഉറപ്പായി. മേയര്‍ സ്ഥാനാര്‍ഥിമാരായി കോണ്‍ഗ്രസ് പരിഗണിക്കുന്ന കെ. മഹേശ്വരന്‍ നായര്‍ക്കും ജോണ്‍സണ്‍ ജോസഫിനും ഭീഷണിയായി നില്‍ക്കുന്ന റെബല്‍ സ്ഥാനാര്‍ഥികളെ പിന്‍വലിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദം വെള്ളിയാഴ്ചയുണ്ടായെങ്കിലും ഫലപ്രദമായില്ല. ശനിയാഴ്ചയും ചര്‍ച്ചകള്‍ തുടരും. മഹേശ്വരന്‍ നായര്‍ക്ക് ഡി.സി.സി അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയുമായ മുടവന്‍മുകള്‍ സതീഷ് ആണ് ഭീഷണി. മഹേശ്വരന്‍ നായരുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിയതു കാരണം സതീഷ് സ്വന്തംനിലയില്‍ പ്രചാരണം ആരംഭിച്ച് ഒട്ടേറെ മുന്നോട്ടു പോയി. ഉള്ളൂരില്‍ ജോണ്‍സണ്‍ ജോസഫിന് ഭീഷണിയുയര്‍ത്തുന്ന മണ്ഡലം ഭാരവാഹിയായ സന്തോഷും മനസ്സുതുറന്നിട്ടില്ല. അതേസമയം, എല്ലാവരും ശനിയാഴ്ച പത്രിക പിന്‍വലിക്കുമെന്നാണ് ജില്ലാ കേണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. വിഴിഞ്ഞത്തെ ഇടതുവിമതനെ പിന്തിരിപ്പിക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. കിണവൂര്‍ വാര്‍ഡില്‍ മുണ്ടൈക്കോണം ബ്രാഞ്ച് സെക്രട്ടറിയും നാലാഞ്ചിറ ലോക്കല്‍ കമ്മിറ്റി അംഗവുമായ സീലാസ് ആണ് ഇടതുവിമതന്‍. ഡി.വൈ.എഫ്.ഐ നേതാവും ഒൗദ്യോഗിക സ്ഥാനാര്‍ഥിയുമായ ദിനേശിനെതിരെയാണ് മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.