ഓപറേഷന്‍ അനന്ത: മൂന്നിടങ്ങളിലെ നിര്‍മാണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കും –ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഓപറേഷന്‍ അനന്തയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പത്മനാഭസ്വാമിക്ഷേത്രത്തിന് മുന്‍വശം, കിഴക്കേകോട്ട, അട്ടക്കുളങ്ങര എന്നിവിടങ്ങളിലെ നിര്‍മാണങ്ങള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഓപറേഷന്‍ അനന്ത അവലോകന യോഗത്തിലാണ് തീരുമാനം. നഗരത്തിലെ 20 സ്ഥലങ്ങളിലാണ് അനന്തയുടെ ഭാഗമായി നിര്‍മാണങ്ങള്‍ നടക്കുന്നത്. അതില്‍ മൂന്നിടങ്ങളിലെ നിര്‍മാണങ്ങളാണ് അടിയന്തരമായി പൂത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 70 ശതമാനത്തോളം പണികള്‍ മൂന്നിടത്തും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. മറ്റിടങ്ങളിലേത് ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. മണ്ഡലകാലം കൂടി ആയതിനാല്‍ പത്മനാഭസ്വാമി ക്ഷേത്രപരിസരത്തും കിഴക്കേകോട്ട ,അട്ടക്കുളങ്ങര ഭാഗത്തും ഭക്തജനത്തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി റോഡ് ഗതാഗതം സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറ്റിടങ്ങളിലും നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. പി.ഡബ്ള്യു.ഡി, റോഡ് ഫണ്ട് ബോര്‍ഡ്, കെ.എസ്.യു.ഡി.പി തുടങ്ങി വകുപ്പുകളുടെ നേതൃത്വത്തിലാണ് നിര്‍മാണങ്ങള്‍ നടക്കുന്നത്. വഞ്ചിയൂരില്‍ ബി.എസ്.എന്‍.എല്‍ കേബ്ള്‍ നിര്‍മാണങ്ങള്‍ക്ക് തടസ്സമായിട്ടുണ്ട്. ഇത് മാറ്റി സ്ഥാപിക്കാമെന്ന് ബി.എസ്.എന്‍.എല്‍ ഉറപ്പ് നല്‍കി. ഓടയുടെ നിര്‍മാണങ്ങള്‍ക്കായി പഴവങ്ങാടി ഹോമിയോ കോളജിന്‍െറ ഒരുവശത്തെ ചുമര്‍ ഇടിച്ചത് പുന$സ്ഥാപിച്ചു. എന്നാല്‍ ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് കിഴക്കേകോട്ടയിലെ ബസ് ഷെല്‍ട്ടറാണ്. ബസ് ഷെല്‍ട്ടറിനുള്ളിലെ നടപ്പാത ഇടിഞ്ഞുപൊളിഞ്ഞുകിടക്കുകയാണ്. പലവട്ടം കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടിട്ടും ഷെല്‍ട്ടര്‍ അറ്റകുറ്റപ്പണി നടത്താന്‍ തയാറായിട്ടില്ല. ഇന്നലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും കെ.എസ്.ആര്‍.ടി.സി പ്രതിനിധികള്‍ പങ്കെടുത്തില്ല. പലതവണ ബന്ധപ്പെട്ടിട്ടും ഇക്കാര്യത്തില്‍ അനുകൂലമായ സമീപനം സ്വീകരിച്ചില്ളെന്നാണ് പരാതി. യോഗത്തില്‍ കലക്ടര്‍ ബിജുപ്രഭാകര്‍, പി.ഡബ്ള്യു.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി അനീഷ് മുഹമ്മദ്, ഡെപ്യൂട്ടി കലക്ടര്‍ കാര്‍ത്തികേയന്‍, വാസുകി മറ്റ് വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.