മന്ത്രി ശിവകുമാറിനെതിരെ യു.ഡി.എഫില്‍ അമര്‍ഷം പുകയുന്നു

തിരുവനന്തപുരം: സ്വന്തം മണ്ഡലത്തില്‍ മന്ത്രി ശിവകുമാറിനെതിരെ യു.ഡി.എഫില്‍ അമര്‍ഷം ശക്തമാകുന്നു. പ്രതിഷേധം ഒഴിവാക്കാന്‍ മണ്ഡലത്തിലെ പൊതുപരിപാടികളില്‍നിന്ന് മന്ത്രി ഒഴിഞ്ഞുനില്‍ക്കുകയാണ്. മന്ത്രിയുടെ മണ്ഡലത്തില്‍പെട്ട ശംഖുംമുഖത്ത് ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്‍െറ നാഷനല്‍ സര്‍വിസ് സ്കീം സംസ്ഥന സെല്ലും സര്‍ക്കാറിന്‍െറ സുബോധം പദ്ധതിയും സംയുക്തമായി നടത്തിയ അഗ്നിച്ചിറകുമായി സ്മൃതിയാത്ര ചടങ്ങിലെ അധ്യക്ഷനായിരുന്നു മന്ത്രി ശിവകുമാര്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ തനിക്കെതിരെ പ്രതിഷേധം ഉണ്ടായാല്‍ അത് രാഷ്ട്രീയമായി തനിക്ക് ഏറെ ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞ മന്ത്രി പരിപാടിയില്‍നിന്ന് തന്ത്രപരമായി വിട്ടുനില്‍ക്കുകയായിരുന്നു. ആദ്യമായിട്ടാണ് മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടിയില്‍നിന്ന് അതും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍നിന്ന് മന്ത്രി വിട്ടുനില്‍ക്കുന്നത്. തദ്ദേശ തെരഞ്ഞടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും വോട്ട് മറിക്കലുമാണ് മന്ത്രിക്കെതിരെയുള്ള അമര്‍ഷത്തിന് കാരണം. വോട്ട് മറിച്ച മന്ത്രി മണ്ഡലത്തിന് അപമാനം എന്ന് എഴുതിയ പോസ്റ്ററുകള്‍ മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് നീക്കം ചെയ്തു. ഇതോടെ മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പ്രാദേശിക നേതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, ഇതു രഹസ്യമാക്കിവെച്ചു. തിരുവനന്തപുരത്തെ നേതാവുതന്നെ മന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് എത്തിയത് കീഴ്ഘടകങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ കൂടുതല്‍ കരുത്ത് നല്‍കുകയായിരുന്നു. മണ്ഡലത്തില്‍ വിജയസാധ്യതയുള്ള പലവാര്‍ഡുകളും മന്ത്രിയുടെ അമിത ഇടപെടല്‍ കാരണം സ്ഥാനാര്‍ഥികളെ പലതവണ മാറ്റിയത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തിരുന്നു. ഇത്തരത്തിലെ നിരവധി കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മന്ത്രിക്കെതിരെ ഗ്രൂപ് ഭേദമെന്യേ ആരോപണം ഉയര്‍ന്നത്. കോണ്‍ഗ്രസില്‍നിന്ന് കൂടാതെ, ഘടകകക്ഷികളും ഇതേ ആരോപണം ഉന്നയിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.