വളർത്തുനായ വിശന്നു ചത്തു; വീട്ടമ്മക്കെതിരെ കേസ്​

തൃശൂർ: ഭക്ഷണവും വെള്ളവും നൽകാതെ വീട്ടിൽ പൂട്ടിയിട്ട വളർത്തുനായ ചത്തു. സംഭവത്തിൽ വീട്ടമ്മക്കെതിരെ പൊലീസ് കേസ െടുത്തു. കാര്യാട്ടുകര പ്രശാന്തി നഗറിലെ ബിസിലിക്കെതിരെയാണ് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തത്. ബിസിലി വാടകക്ക് താമസിക്കുകയാണ്. രണ്ടാഴ്ചയായി നായയുടെ ദയനീയ കുര കേട്ട്, നാട്ടുകാരുടെ പരാതിയനുസരിച്ചാണ് മൃഗസ്നേഹി സംഘടനയായ 'പോസി'ൻെറ പ്രവർത്തക പ്രീതി ശ്രീവത്സൻ ഇടപെട്ടത്. വീട് പൂട്ടിക്കിടക്കുന്നതിനാൽ വെസ്റ്റ് പൊലീസിൻെറ സഹായത്തോടെ പ്രീതി മതിൽ ചാടിക്കടന്നാണ് ഇവിടെയെത്തിയത്. വാതിലിൽ മുട്ടിയിട്ടും തുറക്കാൻ താമസക്കാരി തയ്യാറായില്ല. പിന്നീട്, നായയെ പൂട്ടിയിട്ട മുറി നിർബന്ധിച്ച് തുറപ്പിച്ചപ്പോൾ മലമൂത്രവിസർജനം നടത്തി വൃത്തിഹീനമായ അന്തരീക്ഷത്തിൽ നായ മൃതപ്രായനായിരുന്നു. ഷിറ്റ്യു എന്ന ജപ്പാനീസ് ബ്രീഡിൽപ്പെട്ട ഒരു വയസ്സ് മാത്രം പ്രായമുള്ളതായിരുന്നു നായ. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നായ ചത്തു. പ്രീതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിൻെറ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.