പഠനത്തിന്​ പുതുമുഖം തേടി; വിദ്യാർഥികളുടെ നാട്ടറിവ്​ യാത്രകൾ

കടവല്ലൂർ: പണിശാലകളെയും പാടശേഖരങ്ങളെയും പുരയിടങ്ങളെയും പാഠശാലയാക്കി പഠനത്തിന് പുതുമുഖം നൽകുകയാണ് കടവല്ലൂർ ഗവ. ഹൈസ്കൂൾ. പ്രാദേശിക പഠന യാത്രയാണ് അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രധാന പദ്ധതി. വിവിധ ക്ലാസുകളിലെ വ്യത്യസ്ത വിഷയങ്ങളിലെ പാഠഭാഗങ്ങളുടെ പഠനത്തിനുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് അധ്യാപകരും വിദ്യാർഥികളും അവധി ദിവസങ്ങളിൽ നടത്തുന്ന ചെറു യാത്രകളും അതിലൂടെയുള്ള അനുഭവങ്ങൾ പഠന പദ്ധതിയുടെ ഭാഗമാക്കിയുള്ള പ്രവർത്തനമാണ് ഇൗ സ്കൂളിനെ വേറിട്ടതാക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന വിദഗ്‌ധരുടെ ക്ലാസ് ഓരോ യാത്രയിലും സംഘടിപ്പിക്കുന്നു. കടവല്ലൂർ ഗവ. ഹൈസ്കൂളി​െൻറ പ്രാദേശിക പഠനയാത്ര കഴിഞ്ഞ വർഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജൂറിയുടെ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. മധ്യ ശിലയുഗ കാലഘട്ടത്തിലെ കുടക്കല്ലുകളും മുനിയറകളും കണ്ടുപഠിക്കാൻ ചിറമനേങ്ങാടും, വിവിധ തൊഴിലിടങ്ങളെ കുറിച്ച് പഠിക്കാൻ കടവല്ലൂരിലെ ഖാദി ഭവൻ നെയ്ത്തുശാലയും വിദ്യാർഥി- അധ്യാപക സംഘം സന്ദർശിച്ചിരുന്നു. ജൈവ വൈവിധ്യ പഠനത്തിനും പക്ഷി നിരീക്ഷണത്തിനുമായി വയലുകൾ കോൾ നിലങ്ങൾ, കാവുകൾ എന്നിവിടങ്ങളിലേക്കും നിർമാണ സാമഗ്രികൾ, ലോഹ- സങ്കരങ്ങൾ, മൺപാത്രങ്ങൾ മുളയുൽപന്നങ്ങൾ തുടങ്ങിയവ നിർമിക്കുന്ന ഇടങ്ങളിലേക്കുള്ള യാത്രകളും നക്ഷത്ര നിരീക്ഷണം ശാസ്ത്ര വിസ്മയ യാത്രകളും ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൈവ കൃഷി, മാലിന്യ സംസ്കരണം, മൃഗ പരിപാലനം എന്നിവ സമന്വയിപ്പിച്ച് സുസ്ഥിര വികസന മാതൃക സൃഷ്ടിക്കുന്ന പരിസ്ഥിതി പാഠശാലയായ മാനാംകണ്ടത്ത് മുഹമ്മദി​െൻറ പുരയിടത്തിലാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭന മണ്ണു തിന്നാത്ത മണ്ണിരകളെ സ്കൂളിന് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം കെ. ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് എം. അച്യുതൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി. സതീശൻ, മാനാം കണ്ടത്ത് മുഹമ്മദ് , പഞ്ചായത്തംഗം രാജേഷ് എന്നിവർ സംസാരിച്ചു. ഷാജിമോൻ പി.പി. സ്വാഗതവും നിഷ കെ.എസ് നന്ദിയും പറഞ്ഞു. ഹനസ്, അന്നത്ത് മരിയ, അമിത, ഷഹല എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.