റിലയൻസ് കേബിൾ ഇടപാട്: കോർപറേഷൻ അന്വേഷണത്തിന്; ഇന്ന്​ പരിശോധന

തൃശൂര്‍: നഗരത്തിൽ റോഡ് വെട്ടിപ്പൊളിച്ച് റിലയന്‍സ് കേബിള്‍ സ്ഥാപിച്ചത് സംബന്ധിച്ച അഴിമതി ആരോപണത്തിൽ കോർപറേഷൻ അന്വേഷണത്തിന്. ബുധനാഴ്ച ഇത് നേരിട്ട് പരിശോധിക്കുമെന്ന് മേയർ അജിത ജയരാജൻ അറിയിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി പ്രതിനിധികളോടും റിലയൻസ് ഉദ്യോഗസ്ഥരോടും പരിശോധനയിൽ പങ്കെടുക്കാൻ മേയർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു പരിശോധനക്ക് കൗൺസിൽ തീരുമാനമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് റിലയൻസിന് കേബിളിടാൻ അനുമതി നൽകിയത് കുറഞ്ഞ നിരക്കിലാണെന്ന ഇടതുമുന്നണിയുടെ ആക്ഷേപത്തിനൊപ്പം അനുമതി നൽകിയതിനേക്കാൾ അധികം റോഡ് വെട്ടിപ്പൊളിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതി​െൻറ തുക ഈടാക്കുന്നത് സംബന്ധിച്ച കൗൺസിൽ ചർച്ചയിൽ റിലയൻസിന് അന്ന് നൽകിയ കരാർ റദ്ദാക്കണമെന്നും കമ്പനി അടച്ച നിക്ഷേപ തുകയിൽനിന്ന് നഷ്ടം ഈടാക്കണമെന്നും കൗൺസിൽ തീരുമാനിച്ചിരുന്നു. ഇടപാടിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്താനും കൗൺസിൽ തീരുമാനിച്ചു. 2013 നവംബറിലാണ് 34.355 കി.മീ. റോഡ് വെട്ടിപ്പൊളിച്ച് കേബിളിടാൻ അന്നത്തെ യു.ഡി.എഫ് ഭരണസമിതി അനുമതി നല്‍കിയത്. ആറ് മാസമായിരുന്നു സമയപരിധി. രണ്ട് കോടി രൂപ സെക്യൂരിറ്റിയായും ഒരു കോടി കോർപറേഷൻ വികസന കാര്യങ്ങൾക്ക് തിരിച്ചടവില്ലാതെയും റിലയൻസിൽനിന്ന് ഈടാക്കി. 2016 ജനുവരിയില്‍ 22 കി.മീറ്റര്‍ കൂടി കേബിളിടാന്‍ റിലയന്‍സ് പുതിയ അപേക്ഷ നല്‍കി. എന്നാല്‍, വിവാദങ്ങളെ തുടര്‍ന്ന് അനുമതി നൽകിയിരുന്നില്ല. ഇടത് ഭരണസമിതി ചുമതലയേറ്റ ശേഷമാണ് ഈ അപേക്ഷ പരിഗണനക്കെത്തിയത്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 13.36 മീറ്റർ റോഡ് അധികമായി റിലയൻസ് വെട്ടിപ്പൊളിച്ചുവെന്ന് കണ്ടെത്തിയത്. ഇപ്പോഴത്തെ ഭരണസമിതിയുടെ സമയത്തും റിലയൻസി​െൻറ റോഡ് വെട്ടിപ്പൊളിക്കൽ ചർച്ചക്കും തർക്കത്തിനും കാരണമാണ്. പ്രതിപക്ഷത്തിനൊപ്പം സി.പി.എം നേതാവും പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാനുമായ എം.പി. ശ്രീനിവാസൻ തന്നെ റോഡ് ഉപരോധിച്ച് സമരം നടത്തിയത് വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.