ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത സി.പി.എം നേതാവിനെ പുറത്താക്കി

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത സി.പി.എം നേതാവിനെ പുറത്താക്കി പാനൂർ: ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സി.പി.എം നേതാവിനെ പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് പുറത്താക്കി. ആർ.എസ്.എസി​െൻറ സേവന വിഭാഗമായ സേവാഭാരതി പാനൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത പാനൂർ ലോക്കൽ സെക്രട്ടറി കെ.കെ. പ്രേമനെതിരെയാണ് നടപടി. രാഷ്ട്രീയ നയവ്യതിയാനത്തി​െൻറ പേരിൽ, തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയെന്നാണ് സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അറിയിച്ചത്. ഏരിയ കമ്മിറ്റി മെംബറും ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറുമായ എം.പി. ബൈജുവിന് ചുമതല കൈമാറി. സേവാഭാരതിയുടെ പരിപാടിയിൽ ലോക്കൽ സെക്രട്ടറി പങ്കെടുത്തത് പാർട്ടിയിൽ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പ്രേമൻ സേവാഭാരതിയെ പ്രകീർത്തിച്ച് സംസാരിച്ചതായും ആക്ഷേപം ഉയർന്നിരുന്നു. ഇതേത്തുടർന്ന്, ജില്ല സെക്രട്ടറി പി.ജയരാജ​െൻറ സാന്നിധ്യത്തിൽ ചൊവ്വാഴ്ച പാനൂരിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലാണ് പ്രേമനെ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചത്. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ലോക്കൽ സെക്രട്ടറിയുടെ നടപടിയെ നിശിതമായി വിമർശിച്ചതായാണ് വിവരം. ജീവകാരുണ്യ പ്രവർത്തനത്തിന് ആശംസ നേരുക മാത്രമാണ് ചെയ്തതെന്ന പ്രേമ​െൻറ വാദം പാർട്ടി തള്ളി. 2013ൽ പാനൂർ പഞ്ചായത്തിൽ കോൺഗ്രസിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോൾ സി.പി.എമ്മും ബി.ജെ.പിയും ഒത്തുചേർന്ന് പ്രവർത്തിച്ചതിന് അന്ന് പഞ്ചായത്ത് മെംബറും ലോക്കൽ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെ ബ്രാ‍ഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.