സി.പി.എം സമ്മേളന പരിപാടികളിൽ കാനവും മാണിയും പിള്ളയും വീരേന്ദ്രകുമാറും ഒന്നിച്ച്

തൃശൂർ: മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ നിരന്തര ആക്രമണം നടത്തുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കെ.എം. മാണിയും സി.പി.എം വേദിയിൽ ഒന്നിച്ചെത്തുന്നു. തൃശൂർ വേദിയാവുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 23ന് നടക്കുന്ന 'കേരളം ഇന്നലെ, ഇന്ന്, നാളെ' സെമിനാറിലാണ് കാനം രാജേന്ദ്രനും കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും ഒന്നിച്ച് പങ്കെടുക്കുന്നത്. പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയാണ് സി.പി.എം പ്രതിനിധി. മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ, ടി.പി. പീതാംബരൻ, എം.കെ. കണ്ണൻ എന്നിവരും പങ്കെടുക്കും. 24ന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന 'നവലിബറൽ നയങ്ങളുടെ കാൽനൂറ്റാണ്ട്' സെമിനാറിലാണ് എം.പി. വീരേന്ദ്രകുമാർ പങ്കെടുക്കുക. ഇതിൽ പ്രകാശ് കാരാട്ടും ഡോ. തോമസ് ഐസക്കും ഫ്രാൻസിസ് ജോർജും ഐ.എൻ.എൽ ജനറൽ സെക്രട്ടറി പ്രഫ. അബ്ദുൽ വഹാബും പങ്കെടുക്കും. നേരത്തെ പാലക്കാട് പ്ലീനം വേദിയിലാണ് കെ.എം. മാണി സി.പി.എം വേദി പങ്കിട്ടത് ചർച്ചയായത്. ഇടതുമുന്നണിയിൽ ചേക്കേറാൻ ശ്രമിക്കുന്ന മാണിയെ കടന്നാക്രമിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനവും മാണിയും ഒന്നിച്ച് വേദിയിലെത്തുന്നതും ഇതാദ്യമാണ്. ബുധനാഴ്ച തുടങ്ങുന്ന സെമിനാറടക്കമുള്ള പരിപാടികൾ പ്രതിനിധി സമ്മേളനം നടക്കുന്ന 24 വരെയും തുടരും. ബുധനാഴ്ച ചാലക്കുടിയിൽ ആദിവാസി സംഗമം, 15ന് കർഷക തൊഴിലാളി സംഗമം, 16ന് വിദ്യാർഥി സംഗമം, പരമ്പരാഗത തൊഴിലാളി സംഗമം, 17ന് വനിത സംഗമം, 18ന് ഇതര സംസ്ഥാന തൊഴിലാളി സംഗമം, ജാതിവ്യവസ്ഥയും ഇന്ത്യൻ സമൂഹവും സെമിനാർ, 19ന് പ്രവാസി സംഗമം, വയോജന സംഗമം, മത്സ്യതൊഴിലാളി സംഗമം, രക്തസാക്ഷി കുടുംബസംഗമം, 20ന് ഭാരതീയ ചിന്തയുടെ ബഹുസ്വരത സെമിനാർ, പ്രതിനിധി സമ്മേളനം തുടങ്ങുന്ന 22ന് സംസ്കാരവും പ്രത്യയശാസ്ത്രവും സെമിനാർ, 23ന് 'കേരളം ഇന്നലെ ഇന്ന് നാളെ' സെമിനാർ, 24ന് നവലിബറൽ നയങ്ങളുടെ കാൽനൂറ്റാണ്ട് സെമിനാർ എന്നിങ്ങനെയാണ് പരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.