ചാലക്കുടിപ്പുഴ മലിനീകരണം: നിറ്റ ജലാറ്റി​െൻറ 13 ഡയറക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ചീഫ് സെക്രട്ടറി പോള്‍ ആൻറണിയും മുന്‍ കലക്ടര്‍ ബീനയും അടക്കം പ്രതികൾ ചാലക്കുടി: ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരായ ഓര്‍ഡിനന്‍സ് പ്രകാരം കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനിക്കും മൂന്ന് ഡയറക്ടര്‍മാർക്കും എതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കൊരട്ടി പൊലീസ് എസ്.ഐ സുഭീഷ്‌മോനാണ് കേസെടുത്തത്. ചീഫ് സെക്രട്ടറി പോള്‍ ആൻറണിയും മുന്‍ കലക്ടര്‍ ബീനയും കമ്പനി ഡയറക്ടര്‍മാരായ വിദേശികളും അടക്കം 13 പേരാണ് പ്രതികള്‍. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുന്ന ആദ്യ പരാതികളിലൊന്നാണിത്. കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി ജെയ്‌സന്‍ പാനികുളങ്ങരയാണ് കമ്പനിക്കെതിരെ കൊരട്ടി പൊലീസില്‍ പരാതി നല്‍കിയത്. കമ്പനിയുടെ സംസ്ഥാനത്തെ ഡയറക്ടര്‍മാരായ കുമാരപ്പണിക്കര്‍, ലളിതകുമാര്‍, കരുണാകരന്‍നായര്‍, അപ്പുക്കുട്ടന്‍, സജീവ് കെ. മേനോന്‍, കടത്താനത്ത് ചെറിയാന്‍ വര്‍ഗീസ്, രാധ ഉണ്ണി, സഹസ്രനാമം പരമേശ്വരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കമ്പനിയുടെ ഡയറക്ടര്‍മാരായ അഞ്ചു ജപ്പാന്‍കാര്‍ക്കെതിരെയും കേസുണ്ട്. അന്വേഷണത്തി​െൻറ ഭാഗമായി കൊരട്ടി പൊലീസ് പരാതിക്കാരുടെ മൊഴിയെടുക്കും. ഓര്‍ഡിനന്‍സ് പ്രകാരം സംസ്ഥാനത്തെ ജല സ്രോതസ്സുകളെ ഒരു കരിയിലപോലും നിക്ഷേപിച്ച് മലിനപ്പെടുത്താന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം കഠിനതടവും പിഴയും ശിക്ഷയായി നല്‍കാനും വ്യവസ്ഥുണ്ട്. ആരും പരാതിപ്പെടാതെ തന്നെ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ മജിസ്‌ട്രേറ്റിനോ പൊലീസിനോ കേസെടുക്കാന്‍ അധികാരമുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനി ചാലക്കുടിപ്പുഴയിലേക്ക് മലിനജലം ഒഴുക്കുന്നുണ്ട്. എന്നാല്‍ മലിനീകരണം തുടര്‍ച്ചയും അനിയന്ത്രിതവുമായതോടെ പ്രദേശത്തെ ജലത്തെയും മണ്ണിനെയും ബാധിച്ചു. ഒഴുക്കി വിടുന്ന ഉപയോഗശൂന്യമായ ഖരമാലിന്യത്തിലും മലിനജലത്തിലും അനുവദനീയമായ അളവില്‍ കൂടുതല്‍ മെര്‍ക്കുറിയും ലെഡും അടങ്ങിയതായി പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ചാലക്കുടിപ്പുഴയിലെ വെള്ളത്തിന് നിറം മാറ്റവും കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മത്സ്യ സമ്പത്തിന് നാശവും സംഭവിച്ചതോടെയാണ് പ്രദേശവാസികള്‍ കമ്പനിക്കെതിരെ തിരിഞ്ഞത്. മലിനജലം വന്നെത്തി പ്രദേശത്തെ മണ്ണിനെ നശിപ്പിച്ചിട്ടുണ്ട്. വായുവില്‍ സദാ ദുര്‍ഗന്ധമാണ്. വയലുകളടക്കം സമീപത്തെ ഭൂമികള്‍ വലിയ വില നല്‍കി വാങ്ങിക്കൂട്ടി പ്രദേശവാസികളെ ഒഴിപ്പിച്ച് എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ കമ്പനി ശ്രമിെച്ചങ്കിലും പലരും സ്ഥലം വിടാന്‍ തയാറായില്ല. പതിറ്റാണ്ടിലേറെയായി മലിനീകരണത്തിനെതിരെ പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് ജനകീയ സമരം നടത്തിവരികയാണ്. പുഴയിലേക്ക് മാലിന്യം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ദേശീയ ഹരിതൈട്രബ്യൂണല്‍ പുറപ്പെടുവിച്ച വിധി പ്രകാരം കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനിയോട് ചാലക്കുടിപ്പുഴ കുടിവെള്ള സ്രോതസ്സാണെന്നും 25 ഉപാധികള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവ കര്‍ശനമായി പാലിക്കണമെങ്കില്‍ കമ്പനിയുടെ ഉൽപാദനം നിര്‍ത്തേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.