കരകവിഞ്ഞ്​ ഒഴുകി കണ്ണീർ

വാടാനപ്പള്ളി: കനോലിപ്പുഴ കരകവിഞ്ഞതോടെ വാടാനപ്പള്ളി പഞ്ചായത്തിലെ നടുവിൽക്കര ഗ്രാമം മുങ്ങി. 9, 11 വാർഡിലായുള്ള ഈ ഗ്രാമത്തിലെ എല്ലാ വീടുകളും വെള്ളത്തിലാണ്. ഈ ഗ്രാമത്തിലെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങൾ പാടവും കിഴക്ക് കനോലി പുഴയുമാണ്. കടലിലെ വെള്ളം പുഴയിലേക്ക് ഒഴുകുന്നതാണ് കനോലിപ്പുഴ നിറഞ്ഞ് ഒഴുകാൻ കാരണം. രണ്ട് ഭാഗത്തെ പാടവും നിറഞ്ഞൊഴുകിയതോടെയാണ് നടുവിൽക്കരഗ്രാമം മുങ്ങിയത്. വെള്ളം കയറി കുടുങ്ങിയ കുടുംബങ്ങളെ മിഡ്- ലാൻഡ്അസോസിയേഷൻ ക്ലബ് പ്രവർത്തകരാണ് നടുവിൽക്കര ബോധാനന്ദവിലാസം സ്കൂളിൽ എത്തിച്ചത്. 250ലധികം പേരാണ് ഇവിടെ കഴിയുന്നത്. ബാക്കിയുള്ളവരെ നടുവിൽക്കര ജുമാമസ്ജിദ് മദ്റസയിലും തൊട്ടടുത്ത വീടുകളിലുമാക്കി. 12 ദിവസം പ്രായമായ രണ്ട് കൈക്കുഞ്ഞുങ്ങളടക്കമുള്ളവരാണ് ക്യാമ്പിലുള്ളത്. ആളുകളുടെ വരവ് കൂടിയതോടെ വാടാനപ്പള്ളി ആർ.സി.യു.പി സ്കൂളിലും കുട്ടമുഖത്തെ ഫ്ലാറ്റിലുമാക്കി. വാടാനപ്പള്ളി തെക്കേ മഹല്ല് കമ്മിറ്റിയിലെ ആംബുലൻസിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൊണ്ടുപോയത്. ക്യാമ്പിൽ തളർന്ന് വീണവരെ ഡോക്ടർമാർ എത്തി പരിശോധിച്ച് തൃത്തല്ലൂർ ആശുപത്രിയിലാക്കി. പരിശോധനക്ക് ഡോക്ടർമാരും ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരും സജീവമായുണ്ട്. സി.എൻ. ജയദേവൻ എം.പി, തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ഡോ.എം.ആർ. സുഭാഷിണി, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി, വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാൻ, ബ്ലോക്ക് അംഗം സുലേഖ ജമാൽ എന്നിവർ സന്ദർശിച്ചു. വാർഡ് അംഗങ്ങളായ അനിൽ ലാൽ, ബിന്ദു ശശികുമാർ എന്നിവർ പ്രവർത്തനങ്ങളിൽ സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.