ചാലാടി പഴംകോൾപാടം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവ്

തൃശൂര്‍: മണ്ണിട്ട് നികത്തിയ അരിമ്പൂരിലെ ചാലാടി- പഴംകോള്‍പാടം നാല് ദിവസത്തിനകം പൂർവസ്ഥിതിയിലാക്കാൻ കലക്ടറുടെ ഉത്തരവ്. വയൽ നികത്തുന്നത് സംബന്ധിച്ച് 'മാധ്യമം' നൽകിയ വാർത്തയെ തുടർന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നേരിട്ട് പാടശേഖരം സന്ദർശിക്കുകയും അന്വേഷണത്തിന് നിർദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. നെൽവയൽ മണ്ണിട്ട് നികത്തിയ ഭൂവുടമകൾക്കെതിരെ തണ്ണീർതട സംരക്ഷണ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാനും കലക്ടർ ഉത്തരവിൽ നിർദേശിക്കുന്നു. നികത്തിയ പാടശേഖരം ഉടമ പൂർവസ്ഥിതിയിലാക്കണമെന്നാണ് കലക്ടറുടെ ഉത്തരവിൽ പറയുന്നത്. അത് പാലിക്കാത്ത പക്ഷം അരിമ്പൂർ കൃഷി ഓഫിസർ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകണം. തുടർന്ന് നികത്തിയ വയൽ പൂർവസ്ഥിതിയിലാക്കാൻ സെക്രട്ടറി നടപടിയെടുക്കണം. അതിന് വരുന്ന െചലവ് വസ്തുവി​െൻറ ഉടമയിൽനിന്ന് ഈടാക്കാൻ റവന്യൂ റിക്കവറിക്ക് തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്യുകയും തഹസിൽദാർ നടപടി പൂർത്തിയാക്കുകയും വേണമെന്നാണ് കലക്ടറുടെ ഉത്തരവ്. ഇതിന് ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാം. ഇപ്പോഴും കൃഷി ചെയ്യുന്ന നെൽവയലിനോട് ചേർന്ന് പാടം നികത്തി കോൺക്രീറ്റ് ബ്രിക്സ് നിർമാണ യൂനിറ്റ് തുടങ്ങുകയായിരുന്നു. അതിന് ശേഷവും നികത്തൽ തുടർന്നു. തുടർന്നാണ് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കർഷകരും 'പാഠശാല' പരിസ്ഥിതി സംഘടനയും പരാതിയുമായി എത്തിയത്. പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ അന്നത്തെ സബ് കലക്ടർ മീര്‍ മുഹമ്മദ് അലി നേരിട്ട് പരിശോധിച്ച് സ്റ്റോപ് മെമ്മോ കൊടുക്കുകയും മണ്ണ് നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സ്ഥലമാണിത്. എന്നിട്ടും കഴിഞ്ഞ സര്‍ക്കാറോ പഞ്ചായത്ത് ഭരണസമിതിയോ നടപടിയെടുത്തില്ല. ഇതോടെയാണ് 'മാധ്യമം' വാർത്തയാക്കിയത്. കഴിഞ്ഞ ജനുവരി ഏഴിനാണ് പാടശേഖരത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ പരിശോധന നടത്തിയത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെ ഉപയോഗിച്ച് പാടം നികത്തുന്നത് ബോധ്യപ്പെട്ട മന്ത്രി പൂര്‍വസ്ഥിതിയിലാക്കാൻ ഉടൻ നടപടി ആരംഭിക്കണമെന്ന് ആർ.ഡി.ഒക്കും കലക്ടർക്കും നിർദേശം നൽകി. ആർ.ഡി.ഒ, അരിമ്പൂർ, പരക്കാട് കൃഷി ഓഫിസർ എന്നിവരിൽനിന്നും കർഷകരിൽനിന്നും തെളിവെടുത്ത് അതി​െൻറ അടിസ്ഥാനത്തിൽ വയൽ പൂർവസ്ഥിതിയിലാക്കാനായിരുന്നു ഉത്തരവ്. കൃഷി െചയ്യുന്ന പാടത്ത് കെട്ടിടാവശിഷ്ടങ്ങളും പ്ലാസ്റ്റിക്, ഗ്ലാസ്, തെർമോകോൾ മുതലായ പാഴ്വസ്തുക്കളും മാലിന്യവും നിക്ഷേപിച്ചിട്ടുണ്ടെന്ന് കൃഷി ഒാഫിസർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയ നെൽവയലിൽ സ്റ്റോപ് മെമ്മോ അവഗണിച്ച് സ്ഥലമുടമകൾ നിയമ ലംഘനം നടത്തിയെന്നാണ് കൃഷി ഓഫിസറുെട റിപ്പോർട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.