പറയന്‍തോട് തടയണപ്പാലം മുങ്ങി; ഇരുകരകളിലേക്കും യാത്ര മുടങ്ങി

ചാലക്കുടി: മഴയെ തുടര്‍ന്ന് പറയന്‍തോട് തടയണപ്പാലം മുങ്ങിയതോടെ ഇരുകരകളിലേക്കുമുള്ള യാത്ര മുടങ്ങി. ചാലക്കുടി തോട്ടവീഥി ഭാഗത്തേക്കും തിരിച്ച് മാള ഗുരുതിപ്പാല ഭാഗത്തേക്കുമുള്ള യാത്രക്കാർ കിലോ മീറ്ററുകള്‍ വളഞ്ഞ് അണ്ണല്ലൂര്‍ പാലം വഴിയാണ് പോകുന്നത്. ഇരുവശത്തേക്കും സഞ്ചരിക്കാന്‍ കാലങ്ങളായി ഉപയോഗിച്ചിരുന്ന തടയണപ്പാലത്തി​െൻറ ഒരു ഭാഗം കനത്ത മഴയില്‍ ഒരു മാസം മുമ്പ് തകര്‍ന്നത് മുതലാണ് നാട്ടുകാരുടെ ദുരിതം തുടങ്ങിയത്. പാലം തകർന്നെങ്കിലും പകുതിയില്‍ െവച്ച് വെള്ളത്തിലൂടെ ഇറങ്ങി പരസ്പരസഹായത്തോടെ ഒരുവിധം ആളുകള്‍ യാത്ര തുടര്‍ന്നിരുന്നു. ഓട്ടോറിക്ഷയും ബൈക്കുകളും പോയിരുന്ന പാലം അന്ന് മുതല്‍ ഉപയോഗശൂന്യമാണ്. ഇതാണ് ഇപ്പോൾ പൂർണമായി മുങ്ങിയത്. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തി​െൻറയും ചാലക്കുടിയുടെയും അതിര്‍ത്തിയായ പറയന്‍തോട്ടിൽ പാലം നിർമിക്കാന്‍ ഇത്തവണ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും നിർമാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതയില്ല. എത്രയും വേഗം പാലം വരണമെന്ന പ്രാര്‍ഥനയിലാണ് പ്രദേശവാസികള്‍. പാലം നിർമാണത്തിന് ഏഴുകോടിയാണ് ബജറ്റില്‍ നീക്കിെവച്ചത്. 66.90 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിർമിക്കുക. 22.3 മീറ്റര്‍ ഇടവിട്ട് മൂന്ന് സ്പാനുകളുള്ള പാലത്തി​െൻറ പ്ലാന്‍ തയാറായിട്ടുണ്ട്. എന്നാല്‍, പുതിയ പ്ലാന്‍ പ്രകാരം നടപ്പാത ഉണ്ടാവില്ല. പാലം വന്നാല്‍ മാള, അഷ്ടമിച്ചിറ, അമ്പഴക്കാട് എന്നിവിടങ്ങളിലേക്ക് ചാലക്കുടിയില്‍നിന്നുള്ള ദൂരം വളരെ കുറയും. പാലത്തിലൂടെ ബസ് സര്‍വിസ് തുടങ്ങിയാൽ ചാലക്കുടി തോട്ടവീഥി ഭാഗത്തെ ജനങ്ങളുടെ നാളുകളായുള്ള യാത്രാസ്വപ്നം സഫലമാകും. ഇവിടെ പാലം വേണമെന്നത് കാലങ്ങളായി ഉയരുന്ന മുറവിളിയാണ്. എ.കെ. ചന്ദ്രന്‍ മാള എം.എല്‍.എ ആയിരുന്ന കാലത്താണ് പാലം സംബന്ധിച്ച ആദ്യ നിര്‍ദേശം ഉയർന്നത്. അതിന് മണ്ണ് പരിശോധന നടത്തുകയും സ്ഥലം അളക്കുകയും കുറ്റിയടിക്കുകയും ചെയ്തിരുന്നു. അന്ന് 2.5 കോടിയാണ് ബജറ്റില്‍ വക കൊള്ളിച്ചിരുന്നത്. എന്നാല്‍, എസ്റ്റിമേറ്റ് തയാറാക്കിയപ്പോള്‍ തുക പോരാതെ വന്നതോടെ പാലം നിർമാണം കടലാസില്‍ ഒതുങ്ങുകയായിരുന്നു. എത്രയും വേഗം പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.