ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം രാ​ജ്യ​ത്തെ ആ​ദ്യ ആ​ധാ​ർ അ​ധി​ഷ്ഠി​ത വി​മാ​ന​ത്താ​വ​ളം

* 2018 ഡിസംബറോടെ സംവിധാനം പൂർണമായി നടപ്പാക്കും ബംഗളൂരു: കെംപഗൗഡ രാജ്യാന്തരവിമാനത്താവളം രാജ്യത്തെ ആദ്യ ആധാർ അധിഷ്ഠിത വിമാനത്താവളമാകും. ആധാർ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവും ബയോമെട്രിക് ബോർഡിങ് സംവിധാനവും വിമാനത്താവളത്തിൽ നടപ്പാക്കാനാണ് ബംഗളൂരു ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ) ആലോചിക്കുന്നത്. 2018 ഡിസംബറോടെ സംവിധാനം പൂർണമായി നടപ്പാക്കും. പദ്ധതി നടപ്പാക്കുന്നതോടെ യാത്രക്കാരുടെ സുരക്ഷാപരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാനാകും. ഇതുവഴി കൂടുതൽ പേരെ ഓരേ ഗേറ്റിലൂടെ കടത്തിവിടാനും കഴിയും. നിലവിൽ 25 മിനിറ്റുനീളുന്ന പരിശോധന സമയം 10 മിനിറ്റാക്കി കുറക്കാനാകും. ഓരോ പരിശോധനകേന്ദ്രത്തിലും അഞ്ചുസെക്കൻഡ് കൊണ്ട് പരിശോധന പൂർത്തിയാക്കാം. യാത്രക്കാർ ടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ വിവിധ സുരക്ഷപരിശോധനകേന്ദ്രങ്ങളിൽ നൽകേണ്ട ആവശ്യം വരില്ല. യാത്ര കൂടുതൽ സുരക്ഷിതമാകുമെന്നാണ് അധികൃതരുടെ അവകാശവാദം. രണ്ടുമാസം പരീക്ഷണാടിസ്ഥാനത്തിൽ ആധാർ അധിഷ്ഠിത സംവിധാനം കൊണ്ടുവന്നിരുന്നു. ഇത് വിജയിച്ചതിനെതുടർന്നാണ് ആധാർ, ബയോമെട്രിക് സംവിധാനങ്ങൾ പൂർണതോതിൽ നടപ്പാക്കാൻ ബി.ഐ.എ.എൽ തീരുമാനിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതിനാൽ സുരക്ഷപരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനങ്ങൾ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ബി.ഐ.എ.എൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഹരി മാരാർ പറഞ്ഞു. അടുത്തവർഷം ഒക്ടോബറിൽ രാജ്യാന്തര എയർലൈൻ ബോർഡിങ്ങിന് ബയോമെട്രിക് സംവിധാനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.