പൊക്കാഞ്ചേരി, ഏത്തായ്​ ബീച്ചുകളിൽ കടൽക്ഷോഭം രൂക്ഷം; 17 വീടുകൾ ഭീഷണിയിൽ

വാടാനപ്പള്ളി: പഞ്ചായത്തിലെ പൊക്കാഞ്ചേരി, ഏത്തായ് ബീച്ചുകളിൽ കടൽക്ഷോഭം രൂക്ഷം. 17 വീടുകൾ തകർച്ചഭീഷണിയിൽ. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് വേലിയേറ്റം ശക്തമായത്. ഏത്തായ് ബീച്ചിൽ ചാലിൽ ഷാഹുൽ ഹമീദ്, ചാലിൽ ഹസീന, ഇൗച്ചരൻ ചന്ദ്രൻ, കല്ലിങ്ങൽ വാസു, ചക്കൻ രാധാകൃഷ്ണൻ, ഉച്ചിക്കോച്ചൻ വേലായുധൻ, ഉണ്ണിക്കോച്ചൻ രവി എന്നിവരുടെ വീടുകളാണ് ഭീഷണിയിലായത്. കഴിഞ്ഞ മാസം ഇൗച്ചരൻ ഉണ്ണികൃഷ്ണ​െൻറ ടെറസ് വീട് തകർന്നിരുന്നു. മുപ്പതോളം തെങ്ങുകൾ ഏതു നിമിഷവും വീഴാവുന്ന നിലയിലാണ്. കടൽഭിത്തി ഇല്ലാത്തതിനാൽ കര തുരന്നാണ് തിരയടിച്ച് കയറുന്നത്. തീരവാസികൾ ഭീതിയിലാണ്. കടൽക്ഷോഭ പ്രദേശം വില്ലേജ് ഒാഫിസർ സന്ദർശിച്ചു. പൊക്കാഞ്ചേരി ബീച്ച് ചാവക്കാട് തഹസിൽദാർ കെ.വി. അംബ്രോസ് സന്ദർശിച്ചു. കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ നിർദേശം നൽകിയെങ്കിലും ആരും മാറിത്താമസിക്കാൻ തയാറല്ലെന്ന് തഹസിൽദാർ പറഞ്ഞു. കടൽക്ഷോഭവും കടൽഭിത്തി നിർമാണ ആവശ്യവും ചൂണ്ടിക്കാട്ടി കലക്ടർക്ക് റിപ്പോർട്ട് നൽകിയതായി തഹസിൽദാർ അറിയിച്ചു. ഏത്തായ് ബീച്ചിൽ അടിയന്തരമായി കരിങ്കൽ അടിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടതായി കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ പറഞ്ഞു. വലിയ കരിങ്കല്ല് കിട്ടാത്ത അവസ്ഥ ഉള്ളതുകൊണ്ട് ചെറിയ കരിങ്കല്ലുകൾ അടിക്കേണ്ടതുണ്ട്. യോഗം വിളിക്കാൻ ആവശ്യപ്പെട്ടതായും എം.എൽ.എ അറിയിച്ചു. കാപ്ഷൻ ഏത്തായ് ബീച്ചിലെ കടൽക്ഷോഭം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.