ആളുമാറി കസ്​റ്റഡിയിലെടുത്ത്​ മർദനം: അ​േന്വഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്​

തൃശൂർ: കള്ളനാണെന്ന് സംശയിച്ച് നിരപരാധിയെ കസ്റ്റഡിയിലെടുത്ത് മർദിച്ച സംഭവം ജില്ല പൊലീസ് മേധാവി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന വെന്നൂർ കുന്നത്ത് സജീഷിനെ ചെറുതുരുത്തി പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത് മർദിച്ച സംഭവത്തിലാണ് കമീഷൻ അംഗം കെ. മോഹൻകുമാറി​െൻറ ഉത്തരവ്. മേയ് ഒമ്പതിനായിരുന്നു സംഭവം. രാവിലെ 8.30ന് ഷൊർണൂർ റയിൽവേ സ്റ്റേഷനിൽനിന്നാണ് സജീഷിനെ പിടിച്ചത്. പേരും വിലാസവും പറഞ്ഞെങ്കിലും ചെറുതുരുത്തി സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചു. പത്തരയോടെ ആളുമാറി അറസ്റ്റ് ചെയ്തതാണെന്ന് പറഞ്ഞ് വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങി വിട്ടയച്ചു. ശാരീരികമായും മാനസികമായും തളർന്ന സജീഷ് ചേലക്കര ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. കമീഷൻ ചെറുതുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസറിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. വിവിധ മോഷണ കേസുകളിൽ പ്രതിയായ ചാക്കോയോട് സാദൃശ്യം തോന്നിയാണ് സജീഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് എസ്.എച്ച്.ഒ നൽകിയ വിശദീകരണം. ജോലി ചെയ്യുന്ന സ്ഥാപനത്തി​െൻറ പേരും വിലാസവും നമ്പറും നൽകിയിട്ടും കള്ളനാണെന്ന് പറഞ്ഞ് മർദിച്ചു. ലോക്കപ്പിന് സമീപമുള്ള ബഞ്ചിൽ ഇരുത്തി ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിന് തെളിവായി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പരാതിക്കാരൻ പറഞ്ഞു. കാര്യങ്ങൾ വിലയിരുത്താതെ ധാർഷ്ട്യത്തോടെ പെരുമാറുന്ന പൊലീസ് രീതിയെക്കുറിച്ച് വ്യാപക പരാതിയുണ്ട്. പരാതിക്കാര​െൻറ ആരോപണം അവഗണിക്കാനാവില്ല. കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയുടെ മനുഷ്യാവകാശം സംരക്ഷിക്കണം. പൊലീസ് റിപ്പോർട്ടിൽ പരാതിക്കാരനോടോ ആരോപണവിധേയരായ പൊലീസുകാരോടോ അന്വേഷണം നടത്തിയതിന് തെളിവില്ലെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.