ജയിലിലെ മനുഷ്യാവകാശ ലംഘനം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തൃശൂർ: ആദിവാസി തടവുകാരന് അമ്മയെ കാണാൻ പോകാൻ എസ്കോർട്ട് പരോൾ അനുവദിക്കാത്തതിന് കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ട് ജയിൽ ഡി.ജി.പിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നോട്ടീസയച്ചു. ജനുവരി 18നകം വിശദീകരണം നൽകണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. 10 വർഷത്തെ ശിക്ഷക്ക് വിധിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ശിവൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2016 മാർച്ച് 29ന് പരോളിന് അർഹത ലഭിച്ച ജീവപര്യന്തം തടവുകാരനായ അധ്യാപകന് പരോൾ നൽകാത്തതിനും കമീഷൻ കേസെടുത്തു. ഇക്കാര്യത്തിൽ കുന്നംകുളം ഡിവൈ.എസ്.പി ജനുവരി 18നകം വിശദീകരണം നൽകണം. വിയ്യൂർ സെൻട്രൽ ജയിലിലെ സി-1996 നമ്പർ തടവുകാരൻ അനീഷ്കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. പൊലീസ് റിപ്പോർട്ട് നൽകാത്തത് കാരണമാണ് അനീഷിന് പരോൾ ലഭിക്കാത്തതെന്ന് പരാതിയിൽ പറയുന്നു. പാലക്കാട് സെഷൻസ് കോടതിയാണ് കൊലപാതക കേസിൽ അനീഷിനെ ശിക്ഷിച്ചത്. എന്നാൽ മൃതദേഹം പോലും ലഭിക്കാത്ത കേസിൽ സാഹചര്യ തെളിവി​െൻറ പേരിൽ ശിക്ഷിക്കപ്പെട്ട താൻ നിരപരാധിയാണെന്ന് പരാതിയിൽ പറയുന്നു. 2017 മാർച്ചിലും ജൂലൈയിലും വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും പൊലീസ് മറുപടി നൽകിയില്ല. പൊലീസ് പരോൾ നിഷേധിെച്ചങ്കിൽ കലക്ടർ അധ്യക്ഷനായ സമിതി കേസ് പരിഗണിച്ചേനെ. ചെറുതുരുത്തി പൊലീസ് റിപ്പോർട്ട് നൽകിയാൽ തനിക്ക് പരോൾ ലഭിക്കും. പൊലീസ് റിപ്പോർട്ട് നൽകാത്തത് എന്തുകൊണ്ടാണെന്ന് കുന്നംകുളം ഡിവൈ.എസ്.പി വിശദീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിൽനിന്നും പത്താംതരം തുല്യത പരീക്ഷക്ക് പഠിക്കാൻ പോയ ജീവപര്യന്തം തടവുകാരനോട് മോശമായി പെരുമാറിയ എസ്കോർട്ട് ഓഫിസർമാർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും കമീഷൻ ആവശ്യപ്പെട്ടു. 2017 ആഗസ്റ്റ് 27ന് തടവുകാരനായ ഇ.പി. നിർമലനോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിക്കാനും സെൻട്രൽ ജയിൽ സൂപ്രണ്ടിന് കമീഷൻ അംഗം കെ. മോഹൻകുമാർ നിർദേശം നൽകി. തൃശൂർ മോഡൽ ബോയ്സ് സ്കൂളിലാണ് സംഭവം. തടവുകാരനെ ക്ലാസിൽ വിലങ്ങണിയിച്ച് അസഭ്യം പറഞ്ഞെന്നാണ് എസ്കോർട്ട് ഓഫിസർമാർക്കെതിരായ പരാതി. തൃശൂർ ജില്ല ജയിലിൽ കഴിയവേ ക്രിമിനൽ കേസ് പ്രതിയെ കാൽപാദങ്ങളിൽ ലാത്തികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്ത സംഭവം ജയിൽ ഡി.ജി.പി അന്വേഷിക്കണമെന്ന് കമീഷൻ ഉത്തരവിട്ടു. ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രിൻസി​െൻറ അമ്മ എൽസി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 27നാണ് സംഭവം. മർദനത്തിനുശേഷം ചികിത്സ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. ഒക്ടോബർ 21ന് പ്രിൻസിനെ കാണാൻ ചെന്ന അമ്മയെ അതിന് അനുവദിച്ചില്ല. ഒടുവിൽ ഒക്ടോബർ 25ന് കോടതിയിൽ കണ്ടപ്പോഴാണ് മർദന വിവരം അമ്മയെ അറിയിച്ചത്. പരാതി നൽകാൻ പ്രിൻസിന് പേനയും പേപ്പറും നൽകിയില്ലെന്നും പരാതിയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.