നേര്‍വഴി പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്

പത്തനംതിട്ട: കുറ്റവാളികളുടെ പരിവര്‍ത്തനവും പുനരധിവാസവും സാധ്യമാക്കാൻ സാമൂഹിക നീതി വകുപ്പ്-ജില്ല പ്രബേഷന്‍ ഓ ഫിസ് മുഖേന നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചതായി ജില്ല പ്രബേഷന്‍ ഓഫിസര്‍ എ.ഒ. അബീന്‍ അറിയിച്ചു. 2014ല്‍ കൊല്ലം, പത്തനംതിട്ട, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച നേര്‍വഴി പദ്ധതി പിന്നീട് സംസ്ഥാന വ്യാപകമാക്കുകയായിരുന്നു. ജില്ല പ്രബേഷന്‍ ഓഫിസ് മുഖേന നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ നിര്‍വഹണത്തിനായി പ്രബേഷന്‍ അസിസ്റ്റൻറിനെ നിയമിച്ചിട്ടുണ്ട്. 1958ലെ പ്രബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് പ്രകാരം നല്ല നടപ്പിന് വിടുതല്‍ ചെയ്യാന്‍ യോഗ്യമായ കേസുകള്‍ കണ്ടെത്തി അര്‍ഹരായവര്‍ക്ക് നിയമത്തിൻെറ പ്രയോജനം ലഭ്യമാക്കുക, 18-25 വയസ്സുള്ള കുറ്റാരോപിതര്‍ക്ക് സാമൂഹിക-മാനസിക സേവനം, തൊഴില്‍ പരിശീലനം ലഭ്യമാക്കുക, മുന്‍തടവുകാരുടെ പുനരധിവാസം-സ്വയം തൊഴില്‍ ധനസഹായം ലഭ്യമാക്കുക, തടവുശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള ധനസഹായം ഉറപ്പാക്കുക, മദ്യം മറ്റ് ലഹരി പദാര്‍ഥങ്ങള്‍ക്ക് വിധേയമായി അപകടകരമായ സ്വഭാവ-പെരുമാറ്റപ്രശ്‌നങ്ങള്‍ ഉള്ളവരുടെ ചികിത്സ-പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതി മുഖേന നടപ്പാക്കി വരുന്നത്. ജില്ലയില്‍ മൂന്ന് പഞ്ചായത്തുകള്‍ തെരഞ്ഞെടുത്ത് പൊലീസിൻെറയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനുള്ള പ്രാദേശികതലത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനത്തിനായി ജില്ലയില്‍ അഞ്ച് സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുക്കും. ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസര്‍മാരുടെ പ്രവര്‍ത്തനം നേര്‍വഴി പദ്ധതിയുടെ സേവനം കൂടുതല്‍ ആളുകളിലേക്ക് ലഭ്യമാക്കുന്നതിന് സഹായകരമായിട്ടുണ്ട്. കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിന് പദ്ധതി സഹായകരം -ജില്ല പൊലീസ് മേധാവി നേര്‍വഴി പദ്ധതിയുടെ ഫലപ്രദമായ നിര്‍വഹണം കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനും മുന്‍തടവുകാരുടെ പുനരധിവാസത്തിനും സഹായകരമാണെന്ന് ജില്ല പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസര്‍മാരെ പദ്ധതി പ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ധനസഹായം ലഭ്യമാക്കും കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെടുകയോ ഗുരുതര പരിക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്ക് 300 മുതല്‍ 1500 രൂപവരെ പ്രതിമാസം വിദ്യാഭ്യാസ ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ജില്ല പ്രബേഷന്‍ ഓഫിസ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. തടവുശിക്ഷ അനുഭവിക്കുന്നവരുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസ ധനസഹായത്തിന് പദ്ധതി നിലവിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷനിലെ ജില്ല പ്രബേഷന്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04682325242.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.