ശശികലയെ കസ്​റ്റഡിയില്‍ സൂക്ഷിച്ച റാന്നി പൊലീസ്​ സ്​റ്റേഷനു മുന്നിൽ ഉപരോധം

റാന്നി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയില്‍ െവച്ചതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി, ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ ഉപരോധ സമരം നടത്തി. ശബരിമലയിലെത്തി അയ്യപ്പനെ കണ്ട് നെയ്യഭിഷേകം നടത്താതെ മടങ്ങില്ലെന്ന നിലപാടിൽ സ്റ്റേഷനിൽ ഇവർ നിരാഹാര സമരം നടത്തി. ശശികലയുടെ അറസ്റ്റ് അനാവശ്യമാണെന്ന് ആരോപിച്ചാണ് ഹിന്ദു ഐക്യവേദി പ്രവർത്തകരും ശബരിമല കർമ സമിതി പ്രവർത്തകരും റാന്നിയിലെ ബി.ജെ.പി നേതാക്കളും ശനിയാഴ്ച പുലർച്ച മുതൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. പുനലൂർ-മൂവാറ്റുപുഴ റോഡും ഉപരോധിച്ചു. ശബരിമല കർമസമിതി നേതാവ് ഭാർഗവറാമിനെയും പൃഥ്വിപാലിനെയും പമ്പയില്‍നിന്ന് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. റോഡ് ഉപരോധിച്ചവർ വഴിയാത്രക്കാരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീഷണിയും മുഴക്കി. നേതാക്കൾ തിരുവല്ല ഡിവൈ.എസ്.പി സന്തോഷ് കുമാറുമായി നിരവധി തവണ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. കോടതിയില്‍ ഹാജരാക്കുന്ന ശശികലയെ പൊലീസ് അകമ്പടിയോടെ തിരികെ പമ്പയില്‍ എത്തിക്കണമെന്നതായിരുന്നു സമരക്കാരുടെ ആവശ്യം. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശശികലയെ തിരുവല്ല ആർ.ഡി.ഒ കോടതി മുമ്പാകെ ഹാജരാക്കിയത്. സ്റ്റേഷൻ ഉപരോധം നടത്തിയതിനു കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.