അപകടരഹിത തീര്‍ഥാടനം സേഫ്‌സോൺ ലക്ഷ്യം -മന്ത്രി എ.കെ. ശശീന്ദ്രന്‍

പത്തനംതിട്ട: ഒരു വാഹനാപകടം പോലുമില്ലാതെ തീര്‍ഥാടനകാലം പൂര്‍ത്തിയാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ശബരിമല സേഫ്‌സോണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇലവുങ്കലില്‍ സേഫ്‌സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശബരിമല പാതയില്‍ 24 മണിക്കൂറും സേവന സന്നദ്ധരായ ജീവനക്കാരുടെയും മോട്ടോര്‍ വാഹന നിര്‍മാതാക്കളുടെയും സേവനമാണ് ലഭ്യമാക്കുന്നത്. ശബരിമലയിലെ സേഫ്‌സോണ്‍ പദ്ധതി മാതൃകയാക്കി ഉടന്‍ സംസ്ഥാനത്ത് സേഫ്‌ കേരള പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പി.സി. ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കെ. പത്മകുമാര്‍, ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജന്‍ വെട്ടിക്കല്‍, ഉഷാകുമാരി രാധാകൃഷ്ണന്‍, ജോയൻറ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സേഫ്സോണ്‍ പദ്ധതി പ്രകാരം 2019 ജനുവരി 20വരെ സേഫ്സോണ്‍ മേഖലയായ ശബരിമല പാതകളില്‍ 24 മണിക്കൂറും പട്രോളിങ് നടത്തി അപകടരഹിതമായ ഒരു തീര്‍ഥാടനം ഉറപ്പുവരുത്തും. ഇതിലേക്കായി പട്രോളിങ് ടീമുകളെ വിന്യസിക്കും. ഇലവുങ്കലില്‍ മെയിന്‍ കണ്‍ട്രോളിങ് ഓഫിസും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ സബ് കണ്‍ട്രോളിങ് ഓഫിസുകളും പ്രവര്‍ത്തിക്കും. 400 കിലോമീറ്ററോളം വരുന്ന സേഫ്സോണ്‍ പാതകളില്‍ ഹെൽപ്ലൈന്‍ നമ്പറോടുകൂടിയ 350 ഓളം ദിശാസൂചക ബോര്‍ഡുകളും ട്രാഫിക് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ബ്രേക്ക് ഡൗണ്‍ അസിസ്റ്റന്‍സ്, റിക്കവറി വാഹനങ്ങളുടെ സേവനം, ആംബുലന്‍സ് സര്‍വിസ് എന്നിവ 24 മണിക്കൂറും ലഭ്യമാണ്. അടിയന്തര ഘട്ടങ്ങളില്‍ സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഹെൽപ്ലൈന്‍ നമ്പറുകള്‍ ഇലവുങ്കല്‍ 9400044991, 9562318181, എരുമേലി-9496367974, കുട്ടിക്കാനം-9446037100.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.