ഇരവിപേരൂര്‍ മാതൃക പഠിക്കാന്‍ മഹാരാഷ്ട്ര സംഘം എത്തി

പത്തനംതിട്ട: രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള പ്രധാനമന്ത്രിയുടെ പൊതുഭരണ അവാര്‍ഡ് നേടിയ ഇരവിപേരൂര്‍ മാതൃക നേരിട്ട് കാണുന്നതിനും പഠനവിധേയമാക്കുന്നതിനും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ എത്തുന്നു. മഹാരാഷ്ട്ര പഞ്ചായത്ത് രാജ് സംഘം മൂന്നുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തീകരിച്ചു മടങ്ങി. 10,11 തീയതികളിലായി ഗോവയില്‍ നിന്ന് 17,18,19 തീയതികളില്‍ ഗുജറാത്തില്‍നിന്നുള്ള സംഘവും ഇരവിപേരൂരില്‍ എത്തുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പഞ്ചായത്തുകളും സന്ദര്‍ശന അനുമതി തേടിയിട്ടുണ്ട്. അവാര്‍ഡിന് ഇടയാക്കിയ 10 പദ്ധതികളാണ് പ്രധാനമായും സംഘങ്ങള്‍ക്ക് പഠന വിധേയമാക്കണ്ടത്. ഇ-ഗവേണന്‍സ് , പരിസ്ഥിതി ഗ്രാമസഭ, മാലിന്യ സംസ്കരണ പരിപാടി, ഗ്രാമ വിജ്ഞാന കേന്ദ്രം, ജാഗ്രതാ സമിതി, ആരോഗ്യസഭ, ഹരിതഗ്രാമം, ചെറുകിട കുടിവെള്ള പദ്ധതികള്‍, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയാണ് ഇരവിപേരൂരിന് വിവിധങ്ങളായ അംഗീകാരങ്ങള്‍ നേടിക്കൊടുത്തത്. പഞ്ചായത്തിലെ പദ്ധതികള്‍ സംബന്ധിച്ച അവതരണം കാണുകയും നിര്‍വഹണ ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്ത മഹാരാഷ്ട്രയില്‍നിന്നുള്ള പഞ്ചായത്ത് രാജ് ഉദ്യോഗസ്ഥരില്‍ പുണെ കേന്ദ്രമായുള്ള എസ്.ഐ.ആര്‍.ഡി ഡയറക്ടര്‍ ഡോ. ഹേമന്ദ് ശേഖറിനും സംഘാംഗം ഡോ. സുമന്ദ് പാണ്ഡേക്കും ഇ-ഗവേണന്‍സ്, ജാഗ്രതാ സമിതി, പ്ളാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം, പ്രാഥമികാരോഗ്യ കേന്ദ്ര പ്രവര്‍ത്തനം എന്നീ പദ്ധതികളാണ് കൂടുതല്‍ താല്‍പര്യപ്പെട്ടത്. ഇവ സംബന്ധിച്ച വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ് കുറിപ്പുകളാക്കുകയും പദ്ധതിരേഖകള്‍ ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്ത് വാങ്ങുകയും ചെയ്തു. ഗോവധ നിരോധമുള്ള സംസ്ഥാനത്തെ പ്രതിനിധികള്‍ വള്ളംകുളത്ത് നിര്‍മാണം പൂര്‍ത്തീകരിച്ചുവരുന്ന ആധുനിക അറവുശാല സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിശദമായി ചോദിച്ചറിഞ്ഞു. മഹാരാഷ്ട്രയിലെ പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചും അവര്‍ വിശദീകരിച്ചു. 34 ജില്ലാ പരിഷത്തുകളിലായി 200 മുതല്‍ 1000 വരെ വോട്ടര്‍മാര്‍ ഉള്‍പ്പെട്ടതും ഏഴു മുതല്‍ 17 വാര്‍ഡുകളുള്ളതുമായ 28,000 ഗ്രാമപഞ്ചായത്തുകള്‍ ഉണ്ടെന്നും, 15 മുതല്‍ 100വരെ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടുവരുന്ന 351 പഞ്ചായത്ത് സമിതികളും ചേര്‍ന്നതാണ് ആ സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനമെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.