കളിചിരികളുമായി തുടങ്ങിയ യാത്ര ഒടുവിൽ ദുരന്തമായി

ചങ്ങനാശ്ശേരി: കളിചിരികളുമായി പോയ മക്കളുടെ മടങ്ങി വരവിനു കാത്തിരുന്ന സരസ്വതിക്ക് വിധി കരുതിയത് അതിദാരുണ ദുരന്തം. തന്നെ ഇത്തിത്താനത്തെ വീട്ടിലേക്ക് മടക്കിയയച്ചിട്ട് സന്തോഷത്തോടെ പോയ കൊച്ചുമകളും മരുമകളും ഇനി ജീവനോടെ എത്തില്ലെന്നതും മകനും കൊച്ചുമകനും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണെന്നതുമായ വാര്‍ത്ത ആ മാതൃഹൃദയത്തിനു താങ്ങാവുന്നതിലധികം നൊമ്പരമായി. അപകടവിവരം അറിഞ്ഞത് മുതല്‍ സരസ്വതിയുടെ നിലവിളി ഹൃദയഭേദകമായിരുന്നു. എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. ഞായറാഴ്ച സരസ്വതിയുടെ മകൻ പ്രമോദിൻെറ ഭാര്യ നിഷയുടെ ഇളയ സഹോദരി നിവ്യയുടെ വിവാഹ നിശ്ചയത്തിനാണ് എല്ലാവരും വീട്ടില്‍നിന്ന് ഒരുമിച്ചിറങ്ങിയത്. കുടുംബസമേതം ആലപ്പുഴയിലുള്ള വരൻെറ വീട്ടിലേക്കാണ് ഇത്തിത്താനത്തുനിന്ന് പോയത്. വിവാഹനിശ്ചയശേഷം സരസമ്മ തിരികെ ഇത്തിത്താനത്തേക്കും പ്രമോദ് കുടുംബമായി നിഷയുടെ ആലുവയിലുള്ള വീട്ടിലേക്കും പോയിരുന്നു. യാത്രാമധ്യേ ആലപ്പുഴ മാരാരിക്കുളം ബീച്ചില്‍ കുട്ടികളോടൊപ്പം ആഘോഷത്തിനായ് സമയം െചലവഴിച്ചു. ഇതിനുശേഷമാണ് ഇവര്‍ ആലുവക്ക് തിരിച്ചത്. വീട്ടിലെത്തിയ ശേഷം ഭാര്യാവീട്ടിലെ കാറുമായി തിങ്കളാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ അപകടവിവരം അറിയുന്നത്. നിഷയുടെ പിതാവ് ആലുവ കുന്നത്തുനാട് പള്ളിക്കര ചിറ്റനാട്ടില്‍ രാമകൃഷ്ണന്‍ (68), നിഷയുടെ മറ്റൊരു സഹോദരിയുടെ മകള്‍ നിവേദിക (രണ്ട്) എന്നിവരുമായി പ്രമോദും നിഷയും മക്കളായ ദേവനന്ദയും ആദിദേവും ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി മടങ്ങിവരുമ്പോള്‍ തൃശൂര്‍ പെരിഞ്ഞനത്ത് ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോട്ടയം ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലെ സിവിൽ പൊലീസ് ഓഫിസറായ പ്രമോദ് എസ്.പിയുടെ ഡോർമാൻ ഡ്യൂട്ടിയിലുള്ളയാളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.