മാലാപറമ്പിനെ വിട്ടൊഴിയാതെ മാലിന്യ മാഫിയ

പുലാമന്തോൾ: എത്ര മുറവിളി ഉയർന്നാലും മാലാപറമ്പിനെ കൈവിടാൻ മാലിന്യ മാഫിയ തയാറല്ല. ലോഡ് കണക്കിന് മാലിന്യമാണ് മാലാപറമ്പ് കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം തള്ളിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മാലാപറമ്പ് എടത്തറച്ചോലക്ക് എതിർവശത്തെ റോഡിലൂടെ എത്തിയ വാഹനങ്ങൾ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം കുന്നിൻ മുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയത്. ജനവാസ കേന്ദ്രമായ പൂശാലിക്കുളമ്പ് ഈ കുന്നിനു താഴ്‌ഭാഗത്താണ്. അസഹ്യമായ ഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുന്നിൻ മുകളിൽ മാലിന്യക്കൂമ്പാരം കണ്ടെത്തിയത്. മഴ പെയ്യുന്നതോടെ ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങൾ കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. മാലിന്യം തള്ളിയത് ശ്രദ്ധയിൽപെട്ട സ്ഥലമുടമ കൊളത്തൂർ പൊലീസിൽ പരാതി നൽകി. മാലിന്യ മാഫിയക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് തള്ളുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്. മാലാപറമ്പിൽ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിക്കുമെന്ന് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് അധികൃതർ പ്രഖ്യാപനം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.