മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മുഴുവൻ പുറമ്പോക്കും കണ്ടെത്തി സംരക്ഷിക്കാനും അന്യാധീനപ്പെട്ടത് ഉടൻ തിരിച്ചുപിടിക്കാനും സർക്കാർ നിർദേശം. കേരള പഞ്ചായത്തീരാജ് സെക്ഷൻ 169 പ്രകാരം ദേശീയ, സംസ്ഥാന പാതകൾ, ജില്ല റോഡ് എന്നിവ ഒഴികെയുള്ള മുഴുവൻ റോഡും ഗ്രാമപഞ്ചായത്തുകളിൽ നിക്ഷിപ്തമാണ്. സെക്ഷൻ 218 പ്രകാരം ജലസ്രോതസ്സുകളും അവയോട് ചേർന്ന സ്വകാര്യ വ്യക്തികളുടേതല്ലാത്ത സ്ഥലങ്ങളും സെക്ഷൻ 279 പ്രകാരം കന്നുകാലി മേച്ചിൽ സ്ഥലങ്ങളും ശ്മശാനവും വണ്ടിത്താവളങ്ങളും നിക്ഷിപ്തമാണ്. തോട് പുറമ്പോക്ക് പതിച്ച് നൽകാനോ കൈയേറാനോ പാടില്ല. കൈയേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വെക്കുന്നതിന് പിഴ ഈടാക്കലും എന്ന 1996ലെ ചട്ടത്തിൽ നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്തുകളാണെന്നും വകുപ്പ്് ഡയറക്ടർ സർക്കുലറിൽ വ്യക്തമാക്കുന്നു. പഞ്ചായത്തുകളിൽ നിക്ഷിപ്തമായ സ്വത്തുക്കൾ പാട്ടത്തിന് നൽകാമെങ്കിലും വിൽക്കാനോ അന്യാധീനപ്പെടുത്താനോ കൈമാറാനോ പാടില്ല. പഞ്ചായത്തുകളുടെ അധീനതയിലുള്ള ഭൂമി അനുമതി കൂടാതെ കൈവശം വെക്കുന്നത് കൈയേറ്റമാക്കി കണക്കാക്കി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി സ്ഥലം ഒഴിപ്പിക്കുകയും നിയമ നടപടി സ്വീകരിക്കുകയും വേണം. കേരള പഞ്ചായത്തീരാജ് നിയമപ്രകാരം റോഡ്, വഴി, സ്കൂൾ തുടങ്ങിയവക്കേ ഇത്തരം ഭൂമി നൽകാൻ പാടുള്ളൂ. ആസ്തി രജിസ്റ്റർ കാലികമാക്കി സൂക്ഷിക്കണമെന്നും വീഴ്ച വരുത്തിയാൽ വകുപ്പുതല നടപടികളുണ്ടാവുമെന്നും സർക്കുലറിൽ ഒാർമിപ്പിച്ചു. പഞ്ചായത്തുകളിൽ വർഷങ്ങളായി പുറമ്പോക്ക് ലേലം നടക്കാത്തതിനാൽ കോടികൾ വില മതിക്കുന്ന ഭൂമി പലയിടത്തും നഷ്ടപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ കൈയേറിയും കൃത്രിമ രേഖയുണ്ടാക്കിയുമാണ് കൈവശം വെക്കുന്നത്. പാട്ടത്തിനു നൽകിയാലും ദീർഘകാല വിളകൾ പാടില്ലെന്ന നിർദേശം ലംഘിച്ചാണ് മിക്കയിടത്തും ഭൂമി സ്വന്തമാക്കിയത്. ഇ. ഷംസുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.