വിഷമുക്ത പച്ചക്കറിക്ക് ടെറസില്‍ കൊച്ചുവീടൊരുക്കി അധ്യാപകന്‍

എടക്കര: മട്ടുപ്പാവിലെ ജൈവകൃഷിയില്‍ വിജയം കൊയ്ത് മാതൃകയാവുകയാണ് മൂത്തേടം കാരപ്പുറത്തെ അടുക്കത്ത് അബ്ദുറഹ്മാന്‍ എന്ന അധ്യാപകന്‍. വീടിന് മുന്‍വശത്തെ സ്ഥലത്ത് മള്‍ച്ചിങ് രീതിയില്‍ വിജയകരമായി നടത്തുന്ന കൃഷിക്ക് പുറമെയാണ് ഇദ്ദേഹം കൃഷി ടെറസിന് മുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. കൃഷിരീതികളെയും പ്രകൃതി ജീവനത്തെയും കുറിച്ച് ക്ലാസെടുക്കുന്ന തളിപ്പാടം പി.എം.എം.യു.പി സ്കൂൾ അധ്യാപകന്‍ അബ്ദുറഹ്മാൻ ജൈവ പച്ചക്കറി കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച് മാതൃകയാവുകയാണ്. വീടിന് മുകളില്‍ മഴമറ സ്ഥാപിച്ച് ഗ്രോബാഗില്‍ തിരിനന സംവിധാനം ഒരുക്കിയാണ് ഇദ്ദേഹത്തി​െൻറ കൃഷി. മൂന്ന് വര്‍ഷത്തോളമായി കാരപ്പുറത്തെ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തെ പത്തുസ​െൻറ് സ്ഥലത്തും ഇദ്ദേഹം കൃഷി ചെയ്ത് വരുന്നു. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണത്തോടൊപ്പം കള, കീട നാശങ്ങളേല്‍ക്കാതിരിക്കാൻ പ്രത്യേകതരം പ്ളാസ്റ്റിക് ഉപയോഗിച്ചുള്ള മള്‍ച്ചിങ് രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. വീടിന് മുന്‍വശത്തും ടെറസിന് മുകളിലുമായി കാബേജ്, കോളിഫ്ലവര്‍, വെണ്ട, കൈപ്പ, കറിവേപ്പില, ഹൈബ്രിഡ് കക്കരി, വഴുതന, നിത്യവഴുതന, ചതുര പയര്‍, തക്കാളി, മത്തന്‍, കുമ്പള, വിവിധ ഇനങ്ങളില്‍പ്പെട്ട മുളക്, ചീര, പപ്പായ എന്നിവ നല്ലപോലെ കൃഷി ചെയ്യുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്ക് പുറമെ അയല്‍ക്കാര്‍ക്കും നല്‍കാനുള്ള വിളവ് ലഭിക്കുന്നുണ്ട്. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല കോഓര്‍ഡിനേറ്റര്‍, ആര്‍.സി ഇന്ത്യ മലപ്പുറം ചാപ്റ്റര്‍ പ്രസിഡൻറ്, ഹരിതസേന ജില്ല കോഓര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ തുടരുന്ന ഈ 52കാരന് കൃഷികാര്യത്തില്‍ പൂര്‍ണ പിന്തുണയുമായി ക്രസൻറ് യു.പി സ്കൂള്‍ അധ്യാപികയായ ഭാര്യ സബീലയും മക്കളായ റസല്‍ റഹ്മാന്‍, റാഹില്‍ റഹ്മാന്‍, ദിയ റഹ്മാന്‍ എന്നിവരും കൂടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.