മമ്പാട് ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പറുകൾ പൊലീസ് കസ്​റ്റഡിയിലെടുത്തു

അസാധുവോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കീറിയ നിലയിൽ നിലമ്പൂർ: മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ ബാലറ്റ് പേപ്പറുകൾ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസിൽനിന്ന് ബാലറ്റുകൾ കസ്റ്റഡിയിലെടുത്തത്. 19 ബാലറ്റുകളും ലഭിച്ചിട്ടുണ്ട്. അതേസമയം, അസാധുവായെന്ന് പറയുന്ന 13ാം വാർഡിലെ ലീഗ് അംഗം പനനിലത്തിൽ സുഹ്റയുടെ ബാലറ്റ് പേപ്പർ കീറിയ നിലയിലാണ്. എന്നാൽ, ഇതിൽ ഒപ്പ് വെച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. ഇതിൽ ലീഗ് അംഗത്തി‍​െൻറ വോട്ട് അസാധുവായതുമായി ബന്ധപ്പെട്ട് ബഹളമുണ്ടായി. ഇരു കക്ഷികൾക്കും തുല്യവോട്ട് ലഭിച്ചതിനാൽ നറുക്കെടുപ്പിലൂടെ പ്രസിഡൻറിനെ തെരഞ്ഞെടുക്കണമെന്നായിരുന്നു പ്രതിപക്ഷമായ സി.പി.എം അംഗങ്ങളുടെ ആവശ‍്യം. ഇതോടെ തെരഞ്ഞെടുപ്പ് യോഗം അലങ്കോലമായി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിയെന്നും ബാലറ്റ് പേപ്പറുകൾ തട്ടിപ്പറിച്ചെന്നും കാണിച്ച് യു.ഡി.എഫിലെ കാഞ്ഞിരാല സമീന, വി.ടി. നാസർ എന്നിവർക്കെതിരെ വരണാധികാരി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വരണാധികാരി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും റിപ്പോർട്ട് നൽകി. തെരഞ്ഞെടുപ്പ് കമീഷനാണ് ഇക്കാര‍്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത്. അതേസമയം, വരണാധികാരിയുടെ പരാതിയിൽ കേസെടുത്തവർക്കെതിരെയുള്ള നടപടികൾ ജാമ‍്യാപേക്ഷയിൽ തീർപ്പ് കൽപ്പിക്കുംവരെ പാടില്ലെന്ന് മഞ്ചേരി സെഷൻസ് കോടതി ബുധനാഴ്ച നിർദേശം നൽകി. ഇതോടെ രണ്ട് അംഗങ്ങളും ബുധനാഴ്ച ചേർന്ന ബജറ്റ് യോഗത്തിൽ പങ്കെടുത്തു. തിങ്കളാഴ്ചയാണ് ഇരുവരും നൽകിയ ജാമ‍്യാപേക്ഷ പരിഗണിക്കുക. യു.ഡി.എഫിലെ മുൻ ധാരണപ്രകാരമാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്. കേസെടുത്ത അംഗങ്ങളെ അയോഗ‍്യരാക്കണമെന്ന് പരാതി നിലമ്പൂർ: തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിയെന്ന് കാണിച്ച് വരണാധികാരി നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത മമ്പാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ‍്യരാക്കണമെന്ന് ആവശ‍്യപ്പെട്ട് സി.പി.എം അംഗങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. വികസനകാര‍്യ സ്ഥിരംസമിതി അധ‍്യക്ഷ ലീഗിലെ കാഞ്ഞിരാല സമീന, അംഗം വി.ടി. നാസർ എന്നിവരെ അയോഗ‍്യരാക്കണമെന്ന് ആവശ‍്യപ്പെട്ടാണ് പരാതി. ജില്ല കലക്ടർ, പ്രസിഡൻറ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ച വരണാധികാരി എന്നിവർക്കും പരാതി നൽകി. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഒരു വോട്ട് അസാധുവായതോടെ ഇരു കക്ഷികൾക്കും ഒമ്പത് വീതം വോട്ടുകളായെന്നും നറുക്കെടുപ്പ് നടത്തി പ്രസിഡൻറിനെ തെരഞ്ഞെടുക്കണമെന്നും ആവശ‍്യപ്പെട്ടു. സി.പി.എമ്മി‍​െൻറ ഒമ്പത് അംഗങ്ങളും പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.