ദേശീയപാത സർ​വേ: പൊന്നാനി താലൂക്കിലെ 3 എ വിജ്​ഞാപനം ഏപ്രിൽ ആദ്യം

കുറ്റിപ്പുറം: ദേശീയപാത സ്ഥലമേറ്റെടുക്കലിന് മുന്നോടിയായി പൊന്നാനി താലൂക്കിലെ 3 എ വിജ്ഞാപനം ഏപ്രിൽ ആദ്യവാരം ഇറങ്ങും. ഇതിനായുള്ള ഫയലുകൾ കോഴിക്കോട് ദേശീയപാത അതോറിറ്റി ഓഫിസിൽനിന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് കീഴിലെ ദേശീയപാത ആസ്ഥാനത്തേക്ക് അയച്ചു. തിരൂർ താലൂക്കിലെ 3 എയിൽ ഉൾപ്പെടാത്ത ഭൂമിയുടെ വിജ്ഞാപനവും ഒന്നിച്ചിറങ്ങും. അതിനിടെ, ഗസറ്റ് വിജ്ഞാപനത്തിൽ രേഖപ്പെടുത്താത്ത സർവേ നമ്പറുകൾ അളന്ന് കല്ല് നാട്ടിയെന്ന് കാണിച്ചുള്ള പരാതികൾ ഏറുകയാണ്. പുതുതായി ഇറങ്ങിയ 3 എ നോട്ടിഫിക്കേഷനിൽ നിരവധി സർവേ നമ്പറുകൾ ഉൾപ്പെടാത്തതാണ് കാരണം. തൃശൂർ ജില്ലയിലെ 31.19 കിലോമീറ്റർ ദൂരത്തേക്കുള്ള സർവേ നടപടികളും പൊന്നാനി താലൂക്കിലെ സർവേയും ഉടൻ പൂർത്തിയാക്കാനാണ് ദേശീയപാത അധികൃതർക്ക് ലഭിച്ച നിർദേശം. ദേശീയപാത കോഴിക്കോട് ഓഫിസിന് കീഴിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവയിൽ മലപ്പുറത്ത് മാത്രമാണ് സർവേ നടപടികൾ നടക്കുന്നത്. തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ വിജ്ഞാപനം ഇറങ്ങിയിട്ടില്ല. നേരത്തേ സ്ഥലമേറ്റെടുത്ത കോഴിക്കോട് തലശ്ശേരി മാഹി ബൈപാസിലെ അഴിയൂർ വില്ലേജിൽ 3 ജി വിജ്ഞാപനം നടപടികൾ പൂർത്തിയായി. സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കി നവംബറോടെ റോഡ് നിർമാണം തുടങ്ങാനാണ് പദ്ധതി. മുന്നോടിയായി നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജ് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ജില്ല അതിർത്തിയായ ചാവക്കാടിന് സമീപത്തെ കാപ്പിരിക്കാട് മുതൽ കുറ്റിപ്പുറം പാലം വരെയുള്ള ഭാഗങ്ങളിൽ സർവേ നേരത്തേ നടത്തി കല്ല് നാട്ടിയിട്ടുണ്ട്. 3 എ വിജ്ഞാപനം വരുന്ന മുറക്ക് സർവേ വേഗത്തിലാക്കാമെന്നാണ് റവന്യൂ വകുപ്പ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.