നഗരസഭ ബജറ്റ്​ അവതരണം ഇന്ന്: സ്വപ്നപദ്ധതികൾ കടലാസിൽതന്നെ

ഒറ്റപ്പാലം: ബജറ്റ് അവതരണത്തിന് നഗരസഭ ഒരുങ്ങുമ്പോൾ ആധുനിക അറവുശാലയുൾെപ്പടെ നിരവധി സ്വപ്‍ന പദ്ധതികൾ കടലാസിൽ അടയിരിപ്പ് തുടരുന്നു. അടിയന്തര പ്രാധാന്യമർഹിക്കുന്ന ആധുനിക ശ്മശാനം, ടൗൺ ഹാൾ തുടങ്ങിയ പദ്ധതികൾ കുറച്ചുകാലങ്ങളായി വർഷംതോറും ബജറ്റിൽ ആവർത്തിക്കുകയാണ്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ടിലെ അറവുശാല പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡി​െൻറ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. പിന്നീട് ഇവിടെ ആധുനിക സംവിധാനത്തോടെ അറവുശാല സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ നഗരസഭക്ക് പ്രദേശവാസികളുടെ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. സ്ഥലം അളന്നു നിർമാണത്തിന് പ്രാരംഭം കുറിക്കാൻ എത്തിയവരെ സമീപവാസികൾ ഒന്നാകെ എതിരിട്ടതോടെ പദ്ധതി കെട്ടടങ്ങി. വർഷങ്ങളായി ഇവിടത്തുകാർ അനുഭവിച്ച ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും ഉന്നയിച്ചപ്പോൾ നഗരസഭാധികൃതർ കൈക്കൊണ്ട നിഷേധ നിലപാടാണ് ഇവരെ പദ്ധതിക്കെതിരെ അണിചേരാൻ പ്രേരിപ്പിച്ചത്. പതിറ്റാണ്ട് പിന്നിട്ടിട്ടും ആധുനിക അറവുശാല സ്വപ്ന പദ്ധതിയായി തുടരുകയാണ്. നിരവധി ഇറച്ചിവിൽപന കേന്ദ്രങ്ങൾ നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കശാപ്പും മാംസാവശിഷ്ടങ്ങളും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അധികൃതർക്ക് മിണ്ടാട്ടമില്ല. പാമ്പാടിയിലെ പൊതുശ്മശാനം ഏതാനും വർഷം മുമ്പ് പ്രദേശവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ ഒറ്റപ്പാലത്ത് മൃതദേഹം സംസ്കരിക്കാൻ ആധുനിക ശ്‌മശാനം എന്ന ആശയം ചർച്ചയായി. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തും സൗത്ത് പനമണ്ണയിലും നഗരസഭയുടെ പൊതു ശ്മശാനങ്ങൾ നിലവിലുണ്ടെങ്കിലും ആധുനിക ശ്മശാനം സ്വപ്ന പദ്ധതിയായിത്തന്നെ തുടരുകയാണ്. റെയിൽ പാളം മുറിച്ചുകടന്നുവേണം ഒറ്റപ്പാലത്തെ പൊതുശ്മശാനത്തിലെത്താൻ എന്ന തടസ്സത്തെ മറികടക്കാൻ ആവശ്യമായ നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ടൗൺ ഹാൾ, കുട്ടികളുടെ പാർക്ക് തുടങ്ങിയ പദ്ധതികളുടെ സ്ഥിതിയും വിഭിന്നമല്ല. മാറി മാറി അധികാരത്തിലെത്തുന്ന ഭരണസമിതികൾ ആണ്ടുതോറും അവതരിപ്പിക്കുന്ന ബജറ്റുകളിൽ സ്ഥിരമായി ഈ സ്വപ്നപദ്ധതികൾ ഇടംപിടിക്കാറുണ്ട്. 2018-19 വർഷത്തെ ബജറ്റവതരണം തിങ്കളാഴ്ചയാണ്. ആവർത്തനം ഇതിലും കണ്ടേക്കുമെന്ന നിഗമനത്തിലാണ് ഒറ്റപ്പാലത്തെ പൗരസമൂഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.