പൊതുമേഖല, സഹകരണ വായ്പ: തിരിച്ചടവിന്​ ധനവകുപ്പ്​ നടപടിക്ക്​

മഞ്ചേരി: പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽനിന്ന് തദ്ദേശ സ്ഥാപനങ്ങളും വ്യക്തികളുമടക്കം എടുത്ത വായ്പകളും തിരിച്ചടവി‍​െൻറ സ്ഥിതിയും സംബന്ധിച്ച് വിശദ വിവരങ്ങൾ ധനവകുപ്പ് ക്രോഡീകരിക്കുന്നു. വായ്പയെടുത്തവർ തിരിച്ചടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുടങ്ങിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കാനുമാണ് വിവര ക്രോഡീകരണം. തിരിച്ചടവിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങളെയും വ്യക്തികളെയും തിരിച്ചറിയണമെന്നും മുതലി‍​െൻറയും പലിശയുടെയും കുടിശ്ശിക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കണമെന്നും ധനവകുപ്പ് വായ്പകേന്ദ്രങ്ങളെ ഒാർമപ്പെടുത്തി. വായ്പ വിവരങ്ങൾ, ഇവയുടെ കാര്യത്തിൽ സ്വീകരിച്ചുവരുന്ന നടപടികൾ എന്നിവയടക്കം വിശദവിവരങ്ങൾ ഏപ്രിൽ ഒന്നിനകം ധനവകുപ്പിന് ലഭ്യമാക്കണമെന്ന് അഡീഷനൽ സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി. വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് ഭാവിയിൽ വായ്പ അനുവദിക്കേണ്ടതില്ല. സാമ്പത്തിക വർഷത്തി‍​െൻറ ഒടുവിൽ സ്ഥാപനങ്ങളുടെ വായ്പ കുടിശ്ശികയുടെ കണക്കും അക്കൗണ്ട് ജനറലി​െൻറ കണക്കും ഒപ്പമാവുന്നുണ്ടെന്ന് ഒത്തുനോക്കണം. പൊതുമേഖല സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും കോർപറേഷനുകളും സഹകരണ സൊസൈറ്റികളും സർക്കാർ ഉദ്യോഗസ്ഥർ ഒഴിച്ചുള്ള വ്യക്തികളും വാങ്ങിയ വായ്പയിൽ മുതലി‍​െൻറയും പലിശയുടെയും തിരിച്ചടവ് നിരീക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും നിർദേശിച്ചു. ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ധനവകുപ്പിനും കൈമാറണം. വായ്പയുടെ പ്രതിമാസ സ്ഥിതിവിവരകണക്കുകൾ എല്ലാ മാസവും പത്തിനകം വായ്പ അനുവദിക്കുന്ന വിവിധ വകുപ്പുകളുടെ തലവന്മാർക്ക് കൈമാറണം. എല്ലാവർഷവും സെപ്റ്റംബർ 30വരെയും ഒക്ടോബർ 31വരെയും ഉള്ള അർധ വാർഷിക സ്റ്റേറ്റ്മ​െൻറ് ഒരുദിവസം മുമ്പ് ലഭ്യമാക്കാനും വായ്പ കേന്ദ്രങ്ങളോട് നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.