വനിത ക്രിക്കറ്റ് താരത്തിന് എസ്.ഐ വക ക്രിക്കറ്റ് കിറ്റ് സമ്മാനം

പൂക്കോട്ടുംപാടം: വനിത ക്രിക്കറ്റ് താരത്തിന് പരിശീലനം നടത്താന്‍ എസ്.ഐയുടെ വക ക്രിക്കറ്റ് കിറ്റ് നൽകി. പൂക്കോട്ടുംപാടം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശ്യാമ സി. പ്രസാദിനാണ് പൂക്കോട്ടുംപാടം എസ്.ഐ. അമൃത് രംഗന്‍ ബാറ്റ്, പാഡ്, ഹെല്‍മറ്റ് ഗ്ലൗസ്, ബാള്‍, ജേഴ്സി, ഷൂസ് എന്നിവയടങ്ങിയ ക്രിക്കറ്റ് കിറ്റ് സമ്മാനമായി നല്‍കിയത്. ജില്ല സംസ്ഥാന അണ്ടര്‍ 19 വനിത ക്രിക്കറ്റ് ടീമില്‍ അംഗത്വം ലഭിച്ച നിര്‍ധനയായ ശ്യാമക്ക് പരിശീലനം നടത്താന്‍ വിഷമിക്കുകയായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ എസ്.ഐ. ക്രിക്കറ്റ് കിറ്റ് എത്തിച്ചു നല്‍കുകയായിരുന്നു. മുന്‍ ജില്ല വനിത ക്രിക്കറ്റ് ക്യാപ്റ്റനും അധ്യാപികയുമായ ഷിനു ജിജോയാണ് ശ്യാമക്ക് ക്രിക്കറ്റിലുള്ള കഴിവ് തിരിച്ചറിഞ്ഞു പരിശീലനം നടത്തി വരുന്നത്. ക്രിക്കറ്റിനു പുറമെ നാടന്‍ പാട്ടിലും ക്ലാസിക്കല്‍ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ശ്യാമ അമരമ്പലം സൗത്ത് കരുനെച്ചി കോളനിയിലെ ബേബി ഗിരിജയുടെ മകളാണ്. പരീക്ഷ കഴിഞ്ഞാൽ സംസ്ഥാന-ജില്ല ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തയാറെടുക്കുകയാണ് ശ്യാമ. അമരമ്പലം സൗത്തില്‍ നടന്ന 'ഉണര്‍വ്' നാട്ടുക്കൂട്ടം പരിപാടിയില്‍ എസ്.ഐ അമൃത് രംഗന്‍ ശ്യാമക്ക് ക്രിക്കറ്റ് കിറ്റ് കൈമാറി. അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗം ഒ. ഷാജി ഉദ്ഘാടനം ചെയ്തു. നാട്ടുക്കൂട്ടം പ്രസിഡൻറ് പി. സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. വിനോദ്, ശ്യാമ സി. പ്രസാദ്, വി. രവി, എ.സി. ബാലകൃഷ്ണന്‍, എ. സലാം, കെ.ടി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.