ലൈഫിൽ വീടി‍െൻറ വലിപ്പം 400 ചതുരശ്ര അടി; പണം നാലുഘട്ടമായി

ഇ. ഷംസുദ്ദീൻ മഞ്ചേരി: സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയിൽ (ലൈഫ് മിഷൻ) വീടുകളുടെ പരമാവധി വിസ്തൃതി 400 ചതുരശ്ര അടി (37.16 ചതുരശ്ര മീറ്റർ) ആയിരിക്കണമെന്ന് സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ വ്യക്തമാക്കി. തറ വിസ്തീർണത്തിൽ അഞ്ച് ശതമാനം വ്യതിയാനം ഉണ്ടാവുന്നതിൽ തടസ്സമില്ല എന്നതിനാൽ 420 ചതുരശ്ര അടി വരെയാവാം. 12 ഡിസൈനുകൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതിലൊന്ന് തെരഞ്ഞെടുക്കാം. ഭാവിയിൽ കൂടുതൽ മുറികളോ വരാന്തയോ കൂട്ടിച്ചേർക്കാൻ സാധിക്കുന്ന വിധത്തിലാണ് മാതൃകകൾ തെരഞ്ഞെടുക്കേണ്ടത്. ഭൂമിയുടെ കിടപ്പനുസരിച്ച് ഡിസൈനിൽ മാറ്റം വരുത്താം. തറ വിസ്തീർണം അധികരിക്കുന്നില്ലെന്ന് നിർവഹണ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കി. ലൈഫിൽ വീട് പ്രതീക്ഷിച്ച് ഇപ്പോൾ തറ നിർമാണവും ചുമർ നിർമാണവും തുടങ്ങിയവരുണ്ട്. തറ വിസ്തീർണത്തി‍​െൻറ കാര്യത്തിലെ സർക്കാർ തീരുമാനം ഇവർക്ക് തിരിച്ചടിയാവും. ജനറൽ കുടുംബങ്ങൾക്ക് നാല് ലക്ഷവും പട്ടികവർഗ കോളനികളിലുള്ളവർക്ക് ആറ് ലക്ഷവുമാണ് തുക. കോളനികളിലല്ലാതെ വേറിട്ട് താമസിക്കുന്ന പട്ടികവർഗക്കാർക്ക് നാല് ലക്ഷമേ ലഭിക്കൂ. അടുക്കള, ഡ്രോയിങ് കം ഡൈനിങ് റൂം, രണ്ട് കിടപ്പുമുറി, സെപ്റ്റിക് ടാങ്കുള്ള ടോയ്ലറ്റ് എന്നിവ ഉണ്ടായിരിക്കണം. അടുക്കളയിലേക്കും ടോയ്ലറ്റിലേക്കും പ്ലമ്പിങ്, രണ്ട് വാതിൽ, മിനിമം മൂന്ന് പോയൻറ് വൈദ്യുതീകരണം, സിമേൻറാ കോൺക്രീറ്റോ ഉപയോഗിച്ച് നിലം ശരിപ്പെടുത്തൽ എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കണം. വീടിന് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് പെർമിറ്റെടുക്കണം. അംഗീകൃത ഏജൻസിയും പ്ലാനും എസ്റ്റിമേറ്റും വേണ്ട. ഗുണഭോക്താവ് തന്നെ തയാറാക്കി നൽകിയാൽ മതി. വീട് നിർമാണം തുടങ്ങുന്ന ഘട്ടത്തിലും അവസാനിക്കുേമ്പാഴും നിർവഹണ ഉദ്യോഗസ്ഥർ ജിയോ ടാഗിങ് നടത്തണം. കരാർ വെക്കുമ്പോൾ പത്ത് ശതമാനവും തറ നിർമാണം പൂർത്തിയായാൽ 40, ലിൻറൽ കഴിഞ്ഞാൽ 40, മേൽക്കൂര കഴിഞ്ഞ് വാസയോഗ്യമാവുമ്പോൾ 10 ശതമാനം എന്നിങ്ങനെയാണ് തുക ലഭിക്കുക. നിർമാണത്തിന് ആറുമാസം വരെയാണ് സാവകാശം. ലൈഫ് ഗുണഭോക്തൃസംഗമം വിളിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് സംശയം ദുരീകരിക്കണം. അയോഗ്യരായവർ ഉണ്ടെങ്കിൽ നിർവഹണ ഉദ്യോഗസ്ഥന് നീക്കം ചെയ്യാം. കാരണം ബോധ്യപ്പെടുത്തി ഫയലിൽ രേഖപ്പെടുത്തണം. വീട് അനുവദിക്കുന്നത് ഗൃഹനാഥയുടെ പേരിലായിരിക്കണം. ഭാര്യാഭർത്താക്കൻമാർക്ക് സംയുക്തമായും അനുവദിക്കാം. കൂട്ടുസ്വത്തിലോ മറ്റു കുടുംബാംഗത്തി‍​െൻറ പേരിലുള്ള ഭൂമിയിലോ വീട് വെക്കുമ്പോൾ 200 രൂപ മുദ്രപത്രത്തിൽ ബന്ധപ്പെട്ടവരുടെ സമ്മതപത്രം സമർപ്പിക്കണം. കൈവശരേഖയോ നികുതി രശീതിയോ ലഭിച്ചില്ലെങ്കിൽ സ്ഥിരതാമസക്കാരാണെന്ന സാക്ഷ്യപത്രമായാലും മതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.