കോട്ടക്കലിലെ അനധികൃത ജ്യൂസ് കേന്ദ്രം: ദമ്പതികൾ അറസ്​റ്റിൽ

കോട്ടക്കൽ: ജ്യൂസ് കുടിച്ചാൽ ശരീരഭാരം കുറയുമെന്ന വാഗ്ദാനവുമായി പ്രവർത്തിച്ച സ്ഥാപനത്തി​െൻറ നടത്തിപ്പുകാരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഈറോഡ് സ്വദേശികളായ ശിനിവാസൻ (27), ഭാര്യ ഗായത്രി (27) എന്നിവരാണ് പിടിയിലായത്. വ്യാജ ചികിത്സയും സാമ്പത്തിക തട്ടിപ്പും നടത്തിയെന്ന ആരോഗ്യ, ഭക്ഷ്യസുരക്ഷ വിഭാഗങ്ങളുടെ റിപ്പോർട്ടിൻമേലാണ് നടപടി. കേസിൽ കുടുതൽ പേർ ഉണ്ടോയെന്ന് അന്വേഷിക്കും. പാനീയം കഴിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇവരിൽനിന്ന് മൊഴിയെടുക്കുമെന്ന് എസ്.ഐ റിയാസ് ചാക്കീരി അറിയിച്ചു. തമിഴ്നാട് സ്വദേശിയിൽനിന്ന് ലഭിച്ച നിർദേശത്തെ തുടർന്ന് മൂന്നു മാസം മുമ്പാണ് ദമ്പതികൾ കേരളത്തിലെത്തിയത്. ഒന്നര മാസം മുമ്പാണ് കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചത്. എൻജിനീയറിങ് ബിരുദധാരിയാണ് അറസ്റ്റിലായ ശിനിവാസൻ. കേന്ദ്രം തുടങ്ങാൻ തദ്ദേശീയരുടെ പിന്തുണ ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെക്കുറിച്ചും അന്വേഷണം നടത്തും. നഗരസഭയുടെ അനുമതിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അധികൃതർ നിരസിച്ചിരുന്നു. തിരൂരങ്ങാടി സ്വദേശിയുടെ ലൈസൻസിലാണ് സ്ഥാപനം നടത്തിയിരുന്നത്. 250 രൂപ നൽകിയാൽ ശരീരഭാരം കുറയുമെന്ന വാഗ്ദാനത്തിൽ അനധികൃതകേന്ദ്രം പ്രവർത്തിക്കുന്നുവെന്ന വാർത്ത 'മാധ്യമ'മാണ് നൽകിയത്. തുടർന്ന് ആരോഗ്യവകുപ്പ്, പൊലീസ്, നഗരസഭ അധികൃതർ സ്ഥാപനത്തിൽ പരിശോധന നടത്തി. വിവിധ മരുന്നുകളും മറ്റും അധികൃതർ കണ്ടെത്തുകയും ചെയ്തു. സ്ഥാപനം പിന്നീട് അടച്ചുപൂട്ടി. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.