പ്രായം തളര്‍ത്താത്ത ആവേശവുമായി പുഞ്ച നെല്‍കൃഷിയില്‍ പരീക്ഷണത്തിനൊരുങ്ങി വനിത കര്‍ഷക

കരുളായി: അറുപതാം വയസ്സിലും നെല്‍കൃഷിയിലുള്ള ആവേശം കെട്ടുപോകാതെ പുഞ്ചനെല്‍കൃഷിയില്‍ മികച്ച വിളവിനായി കാത്തിരിക്കുകയാണ് കരുളായി വലമ്പുറത്തെ വനിത കര്‍ഷക വളപ്പന്‍ ഇമ്മുട്ടിയെന്ന റുഖിയ. രണ്ടു നെല്‍കൃഷി വിളവെടുപ്പിന് ശേഷമാണ് റുഖിയ മൂന്നാം വിളക്കായി പുഞ്ചകൃഷി ആരംഭിച്ചത്. ഏറ്റവും മൂപ്പു കുറഞ്ഞ കസവ എന്ന വിത്താണ് കൃഷിക്ക് തെരഞ്ഞെടുത്തത്. സ്വന്തമായ രണ്ടു ഏക്കർ ഭൂമിയിലാണ് കൃഷി നടത്തിയത്. 85 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ഇനത്തില്‍പ്പെടുന്ന ഹ്രസ്വവിത്തിനമാണ് കസവ. ഹരിത കേരള മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു വിളവുള്ളവരെ മൂന്നു വിളയിലേക്ക് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി ആരംഭിച്ചത്. കരുളായി കൃഷി ഓഫിസര്‍ കെ.വി. ശ്രീജയുടെ മേല്‍നോട്ടവും നിർദേശങ്ങളും റുഖിയക്ക് ഏറെ പ്രചോദനമായി. കരുളായിയില്‍ ഈ ഹ്രസ്വ വിളയുടെ ആദ്യപരീക്ഷണം കൂടിയാണിത്. വിത്തിടല്‍ സുഹൃത്തുക്കളും നാട്ടുകാരും കൃഷി വകുപ്പ് ജീവനക്കാരുമായി ഉത്സവത്തോടെ നടത്തി. ജലക്ഷാമമുള്ളതിനാല്‍ കുളത്തില്‍നിന്ന് വെള്ളം മോട്ടോര്‍ പമ്പ് ഉപയോഗിച്ചാണ് നനക്കുന്നത്. നല്ല കരുത്തുള്ള പുഞ്ചകൃഷി കാണാനും പഠിക്കാനും തുടങ്ങാനും ഇതിനോടകം തന്നെ കര്‍ഷകര്‍ ഈ പാടശേഖരം സന്ദര്‍ശിക്കുന്നുണ്ട്. 18 വര്‍ഷമായി കാര്‍ഷിക രംഗത്തുള്ള റുഖിയക്ക് പലതവണ ത്രിതല പഞ്ചായത്തുകളുടെയും കൃഷി വകുപ്പി‍​െൻറയും മറ്റും മികച്ച കര്‍ഷകക്കുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് മുഹമ്മദ്‌ കുട്ടി വര്‍ഷങ്ങളായി വിദേശത്ത് ജോലി ചെയ്യുകയാണ്. അതിനാല്‍ ഈ കാര്‍ഷിക വൃത്തിക്കിടയില്‍ നാലു മക്കളെയും നല്ല വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞ സംതൃപ്തിയിലാണ് റുഖിയ. ഈ വേനലില്‍ പച്ചക്കറി കൃഷി നടത്തണമെന്നും കുട്ടികള്‍ക്ക് വേണ്ടി നല്ലൊരു നീന്തല്‍ കുളം നിർമിക്കണമെന്നും മോഹമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.