ഉപയോഗ യോഗ്യമല്ലാതെ ഊർങ്ങാട്ടിരിയിലെ പൊതുകുഴൽ കിണറുകൾ

അരീക്കോട്: കുടിവെള്ള ക്ഷാമവും ചാലിയാറിലെ ആൽഗൽ ബ്ലൂം പ്രതിഭാസവും കാരണം ദുരിതത്തിലായ ഊർങ്ങാട്ടിരിയിൽ ഉപയോഗ രഹിതമായി നിലനിൽക്കുന്നത് 17 പൊതു കുഴൽ കിണറുകൾ. ആകെ 18 എണ്ണമുള്ളതിൽ മൂന്നെണ്ണം പ്രവർത്തിക്കുന്നുവെന്ന് പഞ്ചായത്ത് രേഖകളിലുണ്ടെങ്കിലും ഒന്ന് പോലും ജനങ്ങൾക്ക് പൂർണമായും ഉപകരിക്കുന്ന നിലയിലല്ല. പുവ്വത്തിക്കൽ, തെഞ്ചീരി, പാവണ്ണ, കുണ്ടുവഴി എന്നീ വാർഡുകളിൽ ഓരോന്ന് വീതവും മൈത്ര, കളപ്പാറ എന്നീ വാർഡുകളിൽ രണ്ടും പനംപ്ലാവിലും കിണറടപ്പനിലും നാലും കുഴൽ കിണറുകളാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ, വർഷങ്ങളായി ഇവ പ്രവർത്തിക്കുന്നില്ല. പരിപാലനം കൃത്യമായി നടക്കാത്തതിനാലാണ് കുഴൽ കിണറുകൾ ഉപയോഗിക്കാനാവാത്ത നിലയിലായത്. ഓരോ കുഴൽ കിണറും നൂറ് കണക്കിന് കുടുംബങ്ങളുടെ ജല ദൗർലഭ്യത പരിഹരിക്കാനുള്ള ശേഷിയുള്ളവയാണ്. ചെറിയ അറ്റകുറ്റപ്പണി നടത്തിയാൽ മിക്കതും പ്രവർത്തന ക്ഷമമാക്കാം. തെഞ്ചീരിയിലെ കുഴൽ കിണറിൽനിന്ന് ചുവന്ന വെള്ളമാണ് വരുന്നത്. കുണ്ടുവഴി വാർഡിലുള്ള കുഴൽ കിണർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. വാർഡ് മെംബർ കെ. അനൂപി​െൻറ നേതൃത്വത്തിൽ നാട്ടുകാർ മുൻകൈയെടുത്ത് കുഴൽ കിണർ പുനരുദ്ധരിക്കുകയായിരുന്നു. ദിവസം 30,000 മുതൽ 50,000 ലിറ്റർ വരെ ജലം ഈ കുഴൽ കിണർ വഴി നൽകാൻ സാധിക്കുമെന്ന് വാർഡ് മെംബർ കെ. അനൂപ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.