ആരും ഉണ്ടായില്ല കൈപിടിക്കാൻ; നിസ്സഹായരായി സഞ്ചാരികൾ

മൂന്നാര്‍: നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ആവശ്യത്തിന് ഗൈഡുമാരോ വേണ്ട സുരക്ഷ സംവിധാനമോ ഇല്ലാതെയാണ് കൊരങ്ങിണി വനത്തിലേക്ക് പതിവായി ട്രക്കിങ്. ഞായറാഴ്ച ദുരന്തമുണ്ടായപ്പോഴും ഇത് ആവർത്തിച്ചു. കൊരങ്ങിണി മലയിലുണ്ടായ തീയില്‍ അകപ്പെട്ട വിനോദസഞ്ചാര സംഘത്തിനൊപ്പവും പരിചയസമ്പന്നരായ ഗൈഡില്ലായിരുന്നെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് കൊളുക്കുമല സന്ദര്‍ശിച്ച ചെന്നൈ സ്വദേശിയായ ചെറുപ്പക്കാരനാണ് ഇവരെ മലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മുന്‍പരിചയമില്ലാത്തതിനാല്‍ കാട്ടുതീ ഇരുവശത്തുനിന്ന് പടര്‍ന്നപ്പോള്‍ എവിടേക്കാണ് ഓടി രക്ഷപ്പെടേണ്ടതെന്ന് അറിയാതെപോയി. അപകടത്തിൽപെട്ടവർക്ക് നിലവിളിക്കാനല്ലാതെ ഒന്നിനുമായില്ല. നിർദേശം നൽകാനോ കൈപിടിക്കാനോ ആരും ഉണ്ടായിെല്ലന്ന് ഇരയായവർ സങ്കടപ്പെടുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണവും വിവരങ്ങളുമടക്കം പുറത്തുവിടാതെ ആദ്യം തമിഴ്നാട് സര്‍ക്കാര്‍ മൂടിെവച്ചതും കയറിപ്പോയത് എത്രപേരടങ്ങുന്ന സംഘമാണെന്ന് അറിയാത്തതിനാലാണ്. ട്രക്കിങ്ങിന് പങ്കെടുക്കുന്നവര്‍ക്ക് കാട്ടില്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ ഇവര്‍ക്കൊപ്പമെത്തുന്നവര്‍ സംവിധാനം ഒരുക്കേണ്ടതുണ്ട്. എത്രദിവസമാണ് സന്ദര്‍ശകര്‍ കാട്ടില്‍ തങ്ങുന്നതെന്ന് ബന്ധപ്പെട്ടവരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യണം. എന്നാല്‍, ഇത്തരം മുന്‍കരുതലുകള്‍ വിദ്യാർഥികളെ കൊണ്ടുപോയിരുന്നവര്‍ പാലിക്കാത്തതാണ് അപകടത്തി​െൻറ വ്യാപ്തി കൂട്ടിയത്. കഴിഞ്ഞ സീസണില്‍ മാത്രം തമിഴ്‌നാട്ടില്‍നിന്ന് കൊളുക്കുമലക്ക് സമീപത്തെ മീശപ്പുലിമല സന്ദര്‍ശിക്കാന്‍ അനധികൃതമായി കയറിയവരുടെ എണ്ണം ഒരു ലക്ഷത്തിലും അധികമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.