അരീക്കോട്: രണ്ടാഴ്ചയിലേറെയായി പത്തനാപുരത്തെ നൂറിലേറെ കുടുംബങ്ങളുടെ ജീവിതം സ്തംഭിപ്പിച്ച വെള്ളക്കെട്ട് നീക്കാൻ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത ചൊവ്വാഴ്ച നെടുകെ കീറും. നാട്ടുകാരും പൊതുമരാമത്ത് വകുപ്പ് അധികൃതരും ഗെയിൽ തൊഴിലാളികളും വ്യത്യസ്ത ദിവസങ്ങളിൽ നടത്തിയ ശ്രമങ്ങൾ പൂർണമായും പരാജയപ്പെട്ടതോടെയാണ് വെള്ളക്കെട്ടിനരികിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത നെടുകെ കീറി വെള്ളക്കെട്ട് നീക്കാൻ ധാരണയായത്. ദുരിതബാധിത പ്രദേശം സന്ദർശിച്ച ജില്ല കലക്ടർ അമിത് മീണയാണ് സംസ്ഥാനപാത നെടുകെ കീറി പ്രശ്നം പരിഹരിക്കാനുള്ള നിർദേശം ആദ്യം നൽകിയത്. എന്നാൽ, വകുപ്പിൽനിന്ന് ഉത്തരവില്ലാതെ ഇതിന് മുതിരാൻ ഉദ്യോഗസ്ഥർ തയാറായില്ല. തുടർന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനോട് വിഷയം ധരിപ്പിച്ചതിെൻറ അടിസ്ഥാനത്തിലാണ് പാത കീറുന്നത്. 25 ലക്ഷം രൂപ ഇവിടെ കലുങ്ക് നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്. സംസ്ഥാന പാത കീറുന്നതോടെ അനിശ്ചിത കാലത്തേക്ക് ഗതാഗതം സ്തംഭിക്കും. മഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മൈത്ര പാലം വഴി പള്ളിപ്പടിയിലും കോഴിക്കോട്, ചെറുവാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കീഴുപറമ്പ് എടശേരിക്കടവ് പാലം വഴി എടവണ്ണപ്പാറ റോഡിലൂടെ അരീക്കോടും എത്തിച്ചേരുന്ന ഗതാഗത സംവിധാനമാണ് ചൊവ്വാഴ്ച മുതൽ നടപ്പാക്കുന്നത്. എന്നാൽ, ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പാതയുടെ ബദലാവാൻ മൈത്ര റോഡിന് സാധിക്കില്ല എന്നതിനാൽ ഗതാഗത നിയന്ത്രണത്തിന് പൊലീസ് സംവിധാനമൊരുക്കേണ്ടതുണ്ട്. എം.എൽ.എ രാഷ്ട്രീയം കളിക്കുന്നു -സി.പി.എം അരീക്കോട്: പത്തനാപുരത്തെ വെള്ളക്കെട്ട് പ്രശ്നത്തിൽ രാഷ്ട്രീയം കളിച്ച് നേട്ടമുണ്ടാക്കാനാണ് പി.കെ. ബഷീർ എം.എൽ.എ ശ്രമിക്കുന്നതെന്ന് സി.പി.എം കീഴുപറമ്പ് ലോക്കൽ കമ്മിറ്റി നേതൃത്വം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ദുരിതബാധിതരെ കൂട്ടി പ്രക്ഷോഭം നയിച്ചതും മന്ത്രി ജി. സുധാകരനെ വിഷയം ധരിപ്പിച്ചതും തങ്ങളാണെന്നും സി.പി.എം നേതാക്കൾ അവകാശപ്പെട്ടു. സംസ്ഥാനപാതയിൽ മറ്റു ഭാഗങ്ങളിലും കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ മറ്റു ചില പ്രദേശങ്ങളിലും സമാന പ്രശ്നങ്ങളുണ്ടെന്നും അവിടെയൊക്കെ കലുങ്ക് നിർമിക്കണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.