പരപ്പനങ്ങാടി: തിരുപ്പൂരിലെ റെഡിമേഡ് വസ്ത്ര നിർമാണ കമ്പനിയിൽനിന്ന് പരപ്പനങ്ങാടിയിലേക്ക് കൊടുത്തുവിട്ട സ്കൂൾ യൂനിഫോമുമായി അപരിചിതനായ യാത്രക്കാരൻ മുങ്ങി. പരപ്പനങ്ങാടി സ്വദേശി എം. മുസ്തഫയുടെ ഉടമസ്ഥതയിലുള്ള റെഡിമേഡ് മൊത്തവിതരണ സ്ഥാപനത്തിലേക്കുള്ള സാധനവുമായാണ് യാത്രക്കാരൻ മുങ്ങിയത്. സ്കൂൾ തുറന്ന സമയമായതിനാൽ, യൂനിഫോം അത്യാവശ്യമായി കൊടുക്കാനുള്ളതുകൊണ്ട് തിരുപ്പൂരിൽനിന്ന് യാത്രക്കാരൻ വശം കൊടുത്തയക്കുകയായിരുന്നുവത്രെ. യാത്രക്കാരനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ചെന്നൈ എഗ്‌മോർ വണ്ടി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ അവിടെ കാത്തുനിൽക്കുന്ന മുസ്തഫക്ക് സാധനം കൈമാറാമെന്ന് യാത്രക്കാരൻ ഉറപ്പുനൽകി. ഇതിെൻറയടിസ്ഥാനത്തിൽ വണ്ടി പരപ്പനങ്ങാടിയിലെത്തിയപ്പോൾ ഫോണിൽ നിരന്തരം ബന്ധപ്പെട്ടെങ്കിലും യാത്രക്കാരൻ പ്രതികരിച്ചില്ല. അര മണിക്കൂറിനുള്ളിൽതന്നെ കണ്ണൂർ വഴി പോകുന്ന നേത്രാവതി എക്സ്പ്രസിന് മുസ്തഫ കണ്ണൂരിലേക്കു തിരിച്ചെങ്കിലും യാത്രക്കാരനെ കണ്ടെത്താനായില്ല. സാധാരണ ഇത്തരത്തിൽ സാധനം കൊടുത്തയക്കാറുണ്ടെന്നും, എന്നാൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും മുസ്തഫ പറഞ്ഞു. നഷ്ടപ്പെട്ട സാധനങ്ങൾക്ക് പന്ത്രണ്ടായിരം രൂപ വിലവരും. പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.