ടൂറിസത്തി‍െൻറ പേരിൽ കോട്ടക്കടവിൽ പാഴാക്കിയത് ലക്ഷങ്ങൾ പ്രതികരിക്കാതെ രാഷ്​ട്രീയ പാർട്ടികൾ

വള്ളിക്കുന്ന്: കടലുണ്ടി പുഴയോരത്തെ കോട്ടക്കടവ് കേന്ദ്രത്തിൽ ടൂറിസത്തി‍​െൻറ പേരിൽ പാഴാക്കിയത് ലക്ഷങ്ങൾ. പ്രതികരിക്കാനാവാതെ രാഷ്ട്രീയ പാർട്ടികൾ. ടൂറിസ്റ്റ് കേന്ദ്രം ഇപ്പോൾ മദ്യപന്മാർ താവളമാക്കിയിരിക്കുകയാണ്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ജില്ലതിർത്തിയായ കോട്ടക്കടവ് പാലത്തിന് സമീപത്താണ് കോട്ടക്കടവ് ടൂറിസ്റ്റ് കേന്ദ്രമുള്ളത്. വർഷങ്ങൾക്ക് മുമ്പ് എൽ.ഡി.എഫ് ഭരിക്കുമ്പോഴാണ് ടൂറിസ്റ്റ് കേന്ദ്രം യാഥാർഥ്യമായത്. ഇൻഫർമേഷൻ കൗണ്ടർ, ടൈൽസ് പാകിയ നടപ്പാത, യാത്രാക്കായി ചെറുബോട്ടുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിരുന്നു. ഉദ്ഘാടന ദിവസം കരക്ക് കയറ്റിയ ബോട്ടുകൾ ഇപ്പോഴും സ്വകാര്യ വ്യക്തിയുടെ പറമ്പുകളിലും മറ്റും കിടന്ന് നശിക്കുകയാണ്. കടലുണ്ടി പുഴയിൽ നിർമിച്ച ബോട്ട് ജെട്ടി പരിപാലനമില്ലാത്തതിനാൽ നശിച്ചു. ടൂറിസം വകുപ്പാണ് ലക്ഷങ്ങൾ ചെലവഴിച്ച് പദ്ധതി ആരംഭിച്ചത്. എന്നാൽ, ഗ്രാമപഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കാതായതോടെ പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമായി. തൽസ്ഥിതി തുടരുന്നതിനിടെയാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും അരകോടിയിലധികം രൂപ ചെലവഴിച്ച് കേന്ദ്രം നവീകരികരിക്കാൻ ഡി.ടി.പി.സി പദ്ധതി തയാറാക്കിയത്. നേരത്തേയുള്ള ടൈൽസ് പാകിയ നടപ്പാത മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു പൊളിച്ചു നീക്കി. പദ്ധതിക്കെതിരെ അന്ന് യു.ഡി.എഫ് പ്രവർത്തകർ രംഗത്ത് എത്തുകയും 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രചരണമാക്കുകയും ചെയ്തിരുന്നു. എന്നാൽ, 15 വർഷത്തെ എൽ.ഡി.എഫ് ഭരണസമിതിയെ തകർത്ത് യു.ഡി.എഫ് പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കുകയും ചെയ്തു. തെരഞ്ഞടുപ്പിന് മുമ്പേ ടൂറിസം പദ്ധതിയെ എതിർത്ത യു.ഡി.എഫ് പിന്നീട് ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കുകയും ചെയ്തു. ബാംബു ഹൗസ്, ബോട്ട് ഷെൽട്ടർ, പുതിയ നടപ്പാത, ചുറ്റുമതിൽ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, പുല്ലുവെച്ചു പിടിപ്പിക്കൽ തുടങ്ങിയ പദ്ധതികളാണ് ഇവിടെ നടപ്പാക്കിയത്. എന്നാൽ, ആരും തിരിഞ്ഞു നോക്കാത്തയതോടെ പ്രദേശം സാമൂഹിക വിരുദ്ധരുടെയും മദ്യപന്മാരുടെയും താവളമായി. വെച്ചുപിടിപ്പിച്ച പല്ലുകൾക്ക് പകരം പാഴ്പുല്ലുകളും മറ്റും വളർന്നു. ബോട്ട് ഷെൽട്ടറുകൾ നിലം പൊത്താറായ അവസ്ഥയിലാണ്. കോട്ടക്കടവ് റോഡിൽനിന്ന് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് നിർമിച്ച നടപാലം തകർന്നു. ബാംബു ഹൗസ് ചിതലെടുത്തു നശിക്കുകയാണ്. ലക്ഷങ്ങൾ പാഴായിട്ടും രാഷ്ട്രീയ പാർട്ടികൾക്ക് യാതൊരു പ്രതികരണവുമില്ല എന്നതാണ് വാസ്തവം. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വേണ്ടി കോട്ടക്കടവ് പാലത്തി‍​െൻറ അപ്രോച്ച് റോഡിൽ പ്രത്യേക പാർക്കിങ് സൗകര്യവും ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്കായി ടൂറിസ്റ്റ് കേന്ദ്രം തുറന്നു കൊടുക്കുകയാണെങ്കിൽ കുടുംബശ്രീ പ്രവർത്തകർക്ക് ടീ സ്റ്റാൾ, ഐസ്ക്രീം പാർലർ എന്നിവ ഉൾപ്പെടെ ആരംഭിക്കാനും അതുവഴി ഒരു വരുമാനമാർഗം ആവുകയും ചെയ്യും. caption കോട്ടക്കടവിലെ ടൂറിസ്റ്റ് കേന്ദ്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.