പട്ടാമ്പി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായുള്ള വ്യാപക പ്രചാരണം താലൂക്ക് വികസന സമിതിയിൽ ചർച്ചയായി. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം നടക്കുന്ന പ്രചാരണം പലതും അടിസ്ഥാനരഹിതമാണ്. എന്നാൽ, ജനങ്ങൾ പരിഭ്രാന്തിയിലാണെന്നും ഇതുമാറ്റാൻ നടപടി വേണമെന്നും അഭിപ്രായമുയര്‍ന്നു. റിപ്പോര്‍ട്ടുകൾ പലതും വ്യാജമാണെന്നാണ് അന്വേഷണത്തിൽ തെളിയുന്നതെന്ന് പൊലീസ് അറിയിച്ചു. സ്ഥിരീകരണമില്ലാത്ത വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും തെളിവുണ്ടെങ്കില്‍ അന്വേഷിക്കാവുന്നതാണെന്നും പൊലീസ് പറഞ്ഞു. ഭാരതപ്പുഴ സംരക്ഷണത്തിന് ബന്ധപ്പെട്ടവരുടെ അവലോകന യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് അധ്യക്ഷത വഹിച്ച മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പറഞ്ഞു. ഭാരതപ്പുഴ, തൂതപ്പുഴ എന്നിവയിൽനിന്നുള്ള അനധികൃത മണല്‍ക്കടത്ത് തടയാൻ റവന്യു ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും തീരുമാനമായി. ജീവനക്കാരുടെ കുറവ് മൂലമാണ് സ്‌ക്വാഡ് പ്രവര്‍ത്തനം മന്ദഗതിയിലായത്. തിങ്കളാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു. ഒരു മാസത്തേക്കുള്ള സ്‌റ്റോക്ക് മാത്രം അനുവദിച്ചാല്‍ മതിയെന്ന സര്‍ക്കാർ നിര്‍ദേശം പ്രയാസങ്ങളുണ്ടാക്കുന്നുവെന്ന പരാതിയും ഉയർന്നു. റേഷന്‍ മുടങ്ങാതിരിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നായിരുന്നു ഇതിന് താലൂക്ക് സപ്ലൈ ഓഫിസറുടെ മറുപടി. സമിതിയുടെ മുൻ യോഗത്തിൽ തീരുമാനിച്ച, ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ടെസ്റ്റിനായി മിനി സിവില്‍സ്റ്റേഷനിലെ താഴത്തെ നിലയില്‍ സൗകര്യമൊരുക്കുന്ന കാര്യം ഇതുവരെ നടപ്പായില്ലെന്ന പരാതിയും യോഗത്തിലുയർന്നു. എന്നാൽ, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും കണ്ടെത്തിയ സ്ഥലത്ത് എക്‌സൈസ് പിടികൂടിയ വാഹനങ്ങളാണെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. ഇവ നീക്കി ഉടൻ സൗകര്യമൊരുക്കണമെന്ന് യോഗം നിര്‍ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദാലി, ഗ്രാമഞ്ചായത്ത് പ്രസിഡൻറുമാരായ എന്‍. നന്ദവിലാസിനി അമ്മ, സി.എം. നീലകണ്ഠന്‍, തഹസില്‍ദാര്‍ കെ.ആര്‍. പ്രസന്നകുമാര്‍, എന്‍.പി. വിനയകുമാര്‍, കുഞ്ഞാനു, അലി, വിനോദ് കാങ്കയം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.