മഴയും വെള്ളപ്പൊക്കവും: പച്ചക്കറി വിപണി സ്തംഭിച്ചു

വെള്ളിയാഴ്ച പച്ചക്കറി എത്തിക്കുക കോയമ്പത്തൂർ വഴി മഞ്ചേരി: മൈസൂരുവിൽ നിന്നുള്ള പച്ചക്കറി ലോഡുകൾ കനത്ത മഴയിൽ കുടുങ്ങിയതോടെ മഞ്ചേരിയിൽ പച്ചക്കറി മൊത്തവ്യാപാര മേഖല സ്തംഭിച്ചു. 24 ലോഡ് പച്ചക്കറി വ്യാഴാഴ്ച പുലർച്ച രണ്ടിനും മൂന്നിനും ഇടയിലായി എത്തേണ്ടതിൽ നാല് ലോഡ് മാത്രമാണ് എത്തിയത്. ബാക്കി നിലമ്പൂരിലും താമരശ്ശേരി അടിവാരത്തും കുടുങ്ങി. കർണാടകയിൽ ഉൻസൂർ മേഖലയിൽനിന്നുള്ള പച്ചമുളക് താമരശ്ശേരി അടിവാരം വഴിയാണ് എത്താറ്. ചുരത്തിൽ മണ്ണിടിഞ്ഞ് വാഹനങ്ങൾ കടന്നുവരാൻ പറ്റാതായി. നാടുകാണി വഴി എത്തേണ്ട വാഹനങ്ങളാണ് നിലമ്പൂരിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. ചിലത് കരുളായി, പൂക്കോട്ടുംപാടം വഴിയും ഏറെ കറങ്ങിയെത്തി. താമരശ്ശേരി അടിവാരത്ത് കുടുങ്ങിയത് മഞ്ചേരിയിലേക്കുള്ള 200 ചാക്ക് പച്ചമുളകും 400 പെട്ടി തക്കാളിയുമാണ്. പച്ചമുളക് ഒരു ദിവസം കഴിഞ്ഞാൽ പകുതിയും കേടുവരും. ഒരു കി.ഗ്രാം പച്ചമുളക് മഞ്ചേരിയിൽ എത്തിക്കാൻ 33 രൂപ വിലയുണ്ടെന്ന് മൊത്തവ്യാപാരികൾ പറയുന്നു. നിലമ്പൂർവഴി വന്നവ കർണാടകയിലെ മൈസൂരു അടക്കം മാർക്കറ്റുകളിൽനിന്നുള്ള 22 തരം പച്ചക്കറികളാണ്. ഇതിൽ പയർ, ബീൻസ്, പച്ചമുളക്, അമര തുടങ്ങിയവ കേടുവരും. പുലർച്ച മൂന്നിന് മുമ്പ് പച്ചക്കറി മാർക്കറ്റിൽ എത്തിയില്ലെങ്കിൽ അന്നേദിവസം ചെറുകിട മാർക്കറ്റുകളിൽ എത്തിക്കാനാവില്ല. വ്യാഴാഴ്ച എത്തേണ്ട പച്ചക്കറി ഗതാഗത തടസ്സം കാരണം മൈസൂരുവിൽനിന്ന് നഞ്ചൻകോട് വഴി സത്യമംഗലം റൂട്ടിൽ കടന്ന് കോയമ്പത്തൂരിലൂടെയാണ് കൊണ്ടുവരിക. 110 കി.മീറ്റർ അധികം യാത്ര വേണ്ടിവരും. ഉൻസൂരൂവിൽനിന്ന് താമരശ്ശേരി വഴി കൊണ്ടുവന്നിരുന്നത് വടകര, കുറ്റ്യാടി വഴിയും മഞ്ചേരിയിലെത്തിക്കും. മൊത്തമാർക്കറ്റിൽ പച്ചക്കറി എത്തിക്കാനെടുക്കുന്ന ചെലവ് അടിസ്ഥാനമാക്കിയാണ് വിലനിലവാരം കണക്കാക്കുകയെന്നതിനാൽ വില കയറാനും ഇടയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചെറുകിട മാർക്കറ്റുകളിലേക്കും കടകളിലേക്കുമാണ് മഞ്ചേരി പച്ചക്കറി മൊത്തവിതരണ മാർക്കറ്റിൽനിന്ന് പച്ചക്കറി പോവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.