സാമ്പത്തിക നിയന്ത്രണത്തിൽ സാമൂഹിക പെൻഷൻ തീർപ്പാക്കലും നീളുന്നു

തദ്ദേശ സ്ഥാപനങ്ങൾ നൽകിയ പട്ടിക പരിഗണിക്കാൻ കാലതാമസം മഞ്ചേരി: നഗരസഭകളിൽനിന്ന് ഒരുവർഷത്തോളമായി അയക്കുന്ന പെൻഷൻ അപേക്ഷകൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന് പരാതി. ഗുണഭോക്തൃ പട്ടികയിൽ അനർഹർ കടന്നത് പരിശോധിക്കാൻ മാസങ്ങളായി നടത്തിവരുന്ന പരിശോധന നടപടികളിൽ കുടുങ്ങിയാണ് പുതിയ അപേക്ഷകരുടെ പെൻഷൻ മുടങ്ങിയത്. സാധാരണ സാമൂഹിക സുരക്ഷ പെൻഷൻ അപേക്ഷ തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് തീർപ്പാക്കുക. ഭരണസമിതി യോഗത്തിൽ പാസാക്കി അക്കാര്യം സർക്കാറിനെ അറിയിക്കും. പുതിയ രീതിയിൽ അത് ബന്ധപ്പെട്ട സൈറ്റിൽ ചേർത്താൽ മതി. പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണവും അതിന് വർഷം വേണ്ട തുകയും സർക്കാറിന് വലിയ ബാധ്യതയാവുകയാണെന്ന് ഇടക്കിടെ തദ്ദേശ വകുപ്പും ധനവകുപ്പും സർക്കുലർ ഇറക്കി അനർഹരെ കണ്ടെത്താൻ നിർദേശിക്കുന്നുണ്ട്. സാമൂഹിക സുരക്ഷ പെൻഷൻ 2016 ജൂലൈ 15ന് 600ൽനിന്ന് ആയിരം രൂപയും പിന്നീട് 1100 രൂപയുമാക്കിയിട്ടുണ്ട്. ഇടത് സർക്കാറി‍​െൻറ മുഖ്യ പ്രവർത്തനനേട്ടമായി മന്ത്രിമാരടക്കം പൊതുവേദികളിൽ വിശദീകരിക്കുന്നതാണ് സാമൂഹിക സുരക്ഷ പെൻഷനും അതിന് സർക്കാർ ചെലവഴിക്കുന്ന കോടികളും. കുടുംബ വാർഷിക വരുമാനം ലക്ഷം രൂപയിൽ കവിയാതിരിക്കുക, സർവിസ് പെൻഷൻ വാങ്ങുന്നവരാവാതിരിക്കുക, ആദായനികുതി നൽകുന്നയാളാവാതിരിക്കുക, അപേക്ഷക‍​െൻറ പേരിലോ കുടുംബത്തിനോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഇല്ലാതിരിക്കുക തുടങ്ങിയവയാണ് പ്രധാന മാനദണ്ഡങ്ങൾ. നിലവിൽ സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നവർ 42.5 ലക്ഷമാണ്. അനർഹർ പെൻഷൻ വാങ്ങിയാൽ തുക പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചുപിടിക്കുമെന്ന മുന്നറിയിപ്പ് തുടർച്ചയായി സർക്കാർ നൽകുന്നുണ്ട്. പലതവണ പരിശോധിച്ചാണ് അപേക്ഷകൾ തീർപ്പാക്കുന്നത്. മഞ്ചേരി നഗരസഭയിൽ 2017 മേയ് 20 മുതൽ 2018 ഫെബ്രുവരി മൂന്നുവരെ ഏഴ് കൗൺസിൽ യോഗങ്ങളിലായി തീർപ്പാക്കിയ 588 അപേക്ഷകളാണ് സർക്കാർ 'ഫ്രീസറി'ൽ വെച്ചത്. സമാനരീതിയിൽ വിവിധ നഗരസഭകളുടെ അപേക്ഷകളും വൈകിപ്പിക്കുകയാണ്. വാർധക്യ പെൻഷന് 412 പേർക്കും വിധവ പെൻഷന് 119 പേർക്കും കർഷക തൊഴിലാളി പെൻഷന് പത്തുപേർക്കും 50 കഴിഞ്ഞ അവിവാഹിതരായ പത്തുപേർക്കും വിധവകളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായത്തിന് 37 പേർക്കും സാമൂഹിക പെൻഷൻ പാസാക്കിയതാണ്. എന്നാൽ, ഒരുവർഷമായിട്ടും ഇവ അനുവദിച്ചിട്ടില്ല. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.