ദേശീയപാത: സർവേ പൂർത്തിയായത്​ റെക്കോഡ് വേഗത്തിൽ

കണക്കെടുപ്പ് തീരുക മേയ് പകുതിയോടെ കുറ്റിപ്പുറം: ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം തുടങ്ങിയ സർവേ കല്ല് നാട്ടൽ ജില്ല ഭരണകൂടം പൂർത്തിയാക്കിയത് റെക്കോഡ് വേഗത്തിൽ. അതിർത്തിയായ കാപ്പിരിക്കാട് മുതൽ ഇടിമൂഴിക്കൽ വരെയുള്ള ഭാഗത്തെ 76.5 കിലോമീറ്റർ ദൂരത്തെ കല്ല് നാട്ടലാണ് 25 പ്രവൃത്തിദിനത്തിനുള്ളിൽ ഡെപ്യൂട്ടി കലക്ടർ (എൽ ആൻഡ് എ ദേശീയപാത) ഡോ. ജെ.ഒ. അരുണി​െൻറ നേതൃത്വത്തിൽ റവന്യു സംഘവും ദേശീയപാത അധികൃതരും സംയുക്തമായി പൂർത്തിയാക്കിയത്. 2013ൽ കുറ്റിപ്പുറത്ത് നിലച്ച സർവേക്ക് നേതൃത്വം നൽകിയ സംഘത്തിലെ നോഡൽ ഓഫിസറായിരുന്ന അമിത് മീണ മലപ്പുറം കലക്ടറായി വരികയും അന്നത്തെ ജില്ല കലക്ടർ കെ. ബിജു സംസ്ഥാന നോഡൽ ഓഫിസറാകുകയും ചെയ്തതോടെയാണ് സർവേ വേഗത്തിലായത്. 76.5 കിലോമീറ്ററിൽ ഇരുവശങ്ങളിലുമായി 3062 കല്ലുകളാണ് നാട്ടിയത്. ഓരോ പഞ്ചായത്തിലേയും സർവേ തുടങ്ങുന്നതിന് മുമ്പ് ഡെപ്യൂട്ടി കലക്ടർ വിളിച്ച യോഗത്തിലെ വിശദീകരണമാണ് പരിധി വരെ പ്രതിഷേധങ്ങളുടെ ചൂടണച്ചത്. കല്ല് നാട്ടൽ പ്രവൃത്തി അവസാനിച്ചെങ്കിലും റവന്യു സംഘത്തി​െൻറ കണക്കെടുപ്പ് തുടരുകയാണ്. മേയ് പകുതിയോടെ മാത്രമേ കണക്കെടുപ്പ് അവസാനിക്കൂ. 2013ൽ ദേശീയപാതയിൽ കുറഞ്ഞ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ എന്നതായിരുന്നു. എന്നാൽ, 2018ലെ വിജ്ഞാപനമനുസരിച്ച് 80 കിലോമീറ്ററാണ്. ഇതോടെയാണ് അലൈൻമ​െൻറിൽ കാതലായ മാറ്റമുണ്ടായതെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. ഡെപ്യൂട്ടി കലക്ടർക്ക് പുറമെ ലെയ്സൺ ഓഫിസർ പി.പി.എം അഷ്റഫ്, ദേശീയപാത എൻജിനീയർ ഷെഫിൻ തുടങ്ങിയവരാണ് സർവേക്ക് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.