റാങ്ക് പട്ടിക നിയമക്കുരുക്കിൽ; ഹെൽത്ത് ഇൻസ്പെക്ടർമാരെ കരാറിൽ നിയമിക്കുന്നു

ഇ. ഷംസുദ്ദീൻ മഞ്ചേരി: ഹെൽത്ത് ഇൻസ്പെക്ടർ റാങ്ക് പട്ടികയിലുള്ളവരുടെ യോഗ്യത സംബന്ധിച്ച തർക്കം കോടതിയിൽ എത്തിയതിനാൽ നഗരസഭകളിലും കോർപറേഷനുകളിലും പകർച്ചപ്പനിയും മഴക്കാല രോഗങ്ങളും പ്രതിരോധിക്കാൻ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് തസ്തികകൾ ആളില്ലാതെ കിടക്കുന്നതിനാൽ ശുചീകരണ-സാനിറ്ററി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാവാത്ത സ്ഥിതിയാണ്. ഇതുസംബന്ധിച്ച പി.എസ്.സി റാങ്ക് പട്ടിക രണ്ട് വർഷത്തോളമായി ഹൈകോടതിയിൽ നിയമക്കുരുക്കിൽ കിടക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളോടുതന്നെ ശമ്പളം നൽകി യോഗ്യരായവരെ കരാറിൽ നിയമിക്കാനാണ് സർക്കാർ നിർദേശിച്ചത്. 69 നഗരസഭകളിലായി നൂറിൽപരം ഒഴിവുണ്ട്. കോർപറേഷനുകളിൽ വേറെയും ഒഴിവുണ്ട്. എൻട്രി തസ്തികയാണ് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്. സാനിറ്ററി ഇൻസ്പെക്ടേഴ്സ് ഇൻ ഡിപ്ലോമ എന്ന പേരിൽ സംസ്ഥാനത്തിന് പുറത്തുനടത്തുന്ന ഒരുവർഷ കോഴ്സോ സംസ്ഥാനത്ത് സർവകലാശാല തലത്തിൽ നടക്കുന്ന രണ്ട് വർഷത്തെ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സോ കഴിഞ്ഞവരിൽനിന്ന് അപേക്ഷ ക്ഷണിച്ചാണ് പി.എസ്.സി നഗരസഭകളിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ടിലേക്ക് പരീക്ഷ നടത്തിയത്. സംസ്ഥാനത്തിന് പുറത്ത് ഒറ്റ വർഷ ഡിപ്ലോമ കോഴ്സ് കഴിഞ്ഞവർക്ക് ഈ തസ്തികയിലേക്ക് അനുമതി നൽകുന്നതിനെതിരെ നേരത്തേ പരാതിയുണ്ടായിരുന്നു. ഇതിനിടെ സംസ്ഥാന ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഒറ്റ വർഷ ഡിപ്ലോമ പോരെന്ന് കാണിച്ച് ഉത്തരവിറക്കി. ഇതോടെ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് പി.എസ്.സി പരീക്ഷ എഴുതിയ, സംസ്ഥാനത്തിനകത്തുനിന്ന് രണ്ടുവർഷത്തെ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പൂർത്തിയാക്കിയവർ ഹൈകോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ആരോഗ്യവകുപ്പിൽ തുടരുന്ന രീതി നഗരസഭ തലത്തിലെ പി.എസ്.സി പട്ടികക്കും ബാധകമാക്കണമെന്നാണ് ആവശ്യം. അപേക്ഷ ക്ഷണിച്ചപ്പോഴും പരീക്ഷ നടത്തിയപ്പോഴും രണ്ട് കോഴ്സ് കഴിഞ്ഞവരെയും യോഗ്യരാക്കിയതിനാൽ പരീക്ഷക്ക് ശേഷം ഇവരെ അയോഗ്യരാക്കാനാവില്ലെന്ന നിലപാടാണ് സർക്കാറിന്. ഇതോടെ കേസ് നടപടികൾ നീണ്ടു. നഗരസഭകളിലെ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് ഇപ്പോൾ റാങ്ക് പട്ടിക നിലവിലില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.