mpgg

ഓർമകൾക്ക് റീ സൈക്ലിങ്; സൈക്കിളിന് തിരിച്ചുവരവ് മലപ്പുറം: നേരം പുലർന്നിരുന്നത് തന്നെ പത്രവിതരണക്കാര​െൻറയോ പാൽക്കാര​െൻറയോ സൈക്കിളിലെ 'ട്ർണിം' ശബ്ദം കേട്ടായിരുന്നു. പിന്നെ കുട്ടികൾ സ്കൂളുകളിലേക്കും മുതിർന്നവർ ജോലിസ്ഥലങ്ങളിലേക്കും സൈക്കിളിലേറി യാത്രയാവും. ബൈക്കും സ്കൂട്ടറും നിരത്ത് വാഴാൻ തുടങ്ങിയതോടെ ഇവ പതുക്കെ പിൻവലിഞ്ഞ് കുട്ടികളുടെ മാത്രം കൂട്ടുകാരനായി. പതിറ്റാണ്ടിനിപ്പുറം കാലം ഓർമകളുടെ സൈക്കിളിലേറി പിറകോട്ട് ചവിട്ടുകയാണ്. നഗരത്തിലെ തിരക്കിലേക്കും നാട്ടിടവഴികളിലേക്കും 'ട്ർണിം' ശബ്ദം തിരിച്ചെത്തുന്നു. പരിസ്ഥിതി സൗഹൃദ ലോകവും ജീവിത ശൈലീ രോഗമില്ലാ ശരീരവും വിളംബരം ചെയ്താണ് സൈക്കിളുകൾ മടങ്ങിവരുന്നത്. പ്രായാധിക്യ ആരോഗ്യപ്രശ്നങ്ങൾ കുറക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സൈക്ലിങ്ങി​െൻറ വഴിയിലേക്ക് മാറാൻ വിദഗ്ധർ ഉപദേശിക്കുന്നു. രണ്ട് വർഷത്തിനിടെ വിൽപ്പനയിൽ കുതിച്ചുചാട്ടമുണ്ടായതായി വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. സൈക്കിൾ ക്ലബുകളും രൂപം കൊണ്ടിട്ടുണ്ട്. എന്നാൽ, സൈക്കിൾ ധാരാളമായി നിരത്തിലിറങ്ങുന്നതോടെ മോട്ടോർ വാഹന വകുപ്പ് അധികൃതർ റോഡ് സുരക്ഷയുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സൈക്കിൾ പാത്ത് നിർമിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം പരമാവധി ഊടുവഴികൾ ഉപയോഗിക്കാൻ സൈക്കിൾ സവാരിക്കാർക്കാവുമെന്നും ക്ലബുകൾ ഇതിന് മറുപടി നൽകുന്നു. 3000 മുതൽ മൂന്നുലക്ഷം രൂപവരെ വിലയുള്ള സൈക്കിളുകൾ വിപണിയിലുണ്ട്. കേരളത്തിന് പുറത്ത് പല കാംപസുകളിലും സൈക്കിളിന് വലിയ സ്വീകാര്യതയുണ്ട്. സംസ്ഥാനത്തെ കലാലയങ്ങളും ഈ വഴിക്ക് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. സൈക്കിൾ ക്ലബുകളിൽ ഒട്ടേെറ സ്ത്രീകളും അംഗങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.