നാടുകാണി^പരപ്പനങ്ങാടി റോഡ് നവീകരണം: നിലമ്പൂർ ടൗണിൽ റോഡ് വീതികൂട്ടേണ്ടതില്ലെന്ന് പൊതുമരാമത്ത്

നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം: നിലമ്പൂർ ടൗണിൽ റോഡ് വീതികൂട്ടേണ്ടതില്ലെന്ന് പൊതുമരാമത്ത് നിലമ്പൂർ: നാടുകാണി-പരപ്പനങ്ങാടി പാത നവീകരണവുമായി ബന്ധപ്പെട്ട് നിലമ്പൂർ ടൗണിൽ വീതി വർധിപ്പിക്കേണ്ടതില്ലെന്ന് പൊതുമരാമത്ത് അധികൃതർ. പൊതുമരാമത്തിൽനിന്ന് വിവരമറിഞ്ഞ നഗരസഭ അധികൃതർ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തുവന്നു. ചൊവ്വാഴ്ച നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥി‍​െൻറ അധ‍്യക്ഷതയിൽ കൗൺസിലർമാരുടെ അടിയന്തരയോഗം ചേർന്നു. ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എക്സിക‍്യൂട്ടിവ് എൻജിനീയർ പ്രിൻസ് ബാലനും ക്ഷണപ്രകാരം യോഗത്തിനെത്തിയിരുന്നു. ടൗണിൽ വീതി കൂട്ടണമെങ്കിൽ ചീഫ് എൻജിനീയറുടെ പ്രത‍്യേകം അനുമതി തേടേണ്ടതുണ്ടെന്ന് പ്രിൻസ് ബാലൻ പറഞ്ഞു. എന്നാൽ, ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നിലമ്പൂർ ടൗണിൽ പാത നവീകരണത്തി‍​െൻറ ഭാഗമായുള്ള വീതി നിർബന്ധമായും വേണമെന്ന നിലപാടിൽ നഗരസഭ ഉറച്ചുനിന്നു. റോഡ് മോടിപിടിപ്പിക്കുന്നതി‍​െൻറ ഭാഗമായി ടൗണിൽ 375 മീറ്റർ നീളത്തിൽ നഗരസഭ മുമ്പ് നവീകരണ പ്രവൃത്തി നടത്തിയിരുന്നു. ഈ ഭാഗം ഒഴിവാക്കാനാണ് പൊതുമരാമത്ത് വിഭാഗത്തി‍​െൻറ തീരുമാനം. നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിൽ 12 മീറ്റർ വീതിയാണ് വേണ്ടത്. എന്നാൽ, ഇത്രയും വീതി നിലവിലെ ടൗൺ ഭാഗത്തില്ല. പദ്ധതി പ്രകാരം റോഡ് നവീകരണം തുടങ്ങുന്ന നാടുകാണിചുരം മുതൽ പരപ്പനങ്ങാടിവരെ 12 മീറ്റർ വീതിയിൽ റോഡ് നവീകരണത്തിനാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. റോഡിന് ആവശ‍്യമായ ഭൂമി ഏറ്റെടുക്കുന്നതിനുകൂടി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി മേയ് രണ്ടിന് വൈകീട്ട് മൂന്നിന് മിനി ടൗൺ ഹാളിൽ യോഗം വിളിക്കും. വ‍്യാപാരി സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൗൺസിലർമാർ, പൊതുമരാമത്ത് അധികൃതർ, കെട്ടിട ഉടമകൾ എന്നിവരെ യോഗത്തിലേക്ക് ക്ഷണിക്കും. മലയോരപാത കടന്നുപോവുന്നതി‍​െൻറ ഭാഗമായുള്ള ലൂപ് റോഡിനെ സംബന്ധിച്ചും ടെൻഡർ നടപടി പൂർത്തീകരിച്ച നിലമ്പൂർ ജില്ല ആശുപത്രി റോഡ്, വീട്ടിക്കുത്ത് റോഡ് എന്നിവയെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്യും. നഗരസഭ വൈസ് ചെയർമാൻ പി.വി. ഹംസ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. ഗോപിനാഥ്, മുംതാസ് ബാബു, പി. ഷേർളിമോൾ, കൗൺസിലർമാരായ എൻ. വേലുക്കുട്ടി, പാത്തിപ്പാറ സുരേഷ്, മുജീബ് ദേവശ്ശേരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.