തിരൂരിൽ നഗരസഭ ചെയർമാൻ പദവി വെച്ചുമാറ്റം ഉടൻ; സി.പി.എം പച്ചക്കൊടി ഉയർത്തി

തിരൂർ: നഗരസഭ ചെയർമാൻ പദവി ടി.ഡി.എഫിന് (തിരൂർ ഡവലപ്മ​െൻറ് ഫോറം) വിട്ടു നൽകാൻ സി.പി.എം തീരുമാനം. ഏതാനും ദിവസത്തിനകം തീരുമാനം നടപ്പാക്കും. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സി.പി.എം പച്ചക്കൊടിയുയർത്തിയത്. നിലവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായ കെ. ബാവയാകും ടി.ഡി.എഫി​െൻറ ചെയർമാൻ നോമിനി. രണ്ട് വർഷത്തേക്ക് ചെയർമാൻ പദവിയെന്നാണ് ടി.ഡി.എഫ്-സി.പി.എം ധാരണ. ഇതിൽ ആറ് മാസത്തിലേറെ ഇതിനകം നഷ്ടമായി. ഇതു സംബന്ധിച്ച ധാരണ ഉരുത്തിരിഞ്ഞിട്ടില്ല. ടി.ഡി.എഫ് അംഗങ്ങളുടെ രാജി ഭീഷണി വരെയെത്തി നിൽക്കുന്നതിനിടെയാണ് സി.പി.എം പദവി വെച്ചുമാറ്റത്തിന് തയാറായത്. രണ്ട് വർഷം പൂർത്തിയായ മുറക്ക് സി.പി.എമ്മിന് ടി.ഡി.എഫ് കത്ത് നൽകിയിരുന്നെങ്കിലും ഏരിയ നേതൃത്വം വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ശക്തമായ സമ്മർദം ചെലുത്താൻ ടി.ഡി.എഫിന് നേതൃത്വമില്ലാതിരുന്നതും വിനയായി. തുടർന്നാണ് ടി.ഡി.എഫ് കൗൺസിലർമാർ രാജി ഭീഷണി മുഴക്കിയത്. അതോടെ ഭരണം നിലനിർത്താൻ മുൻധാരണ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പദവി മാറ്റം അത്ര സുഗമമാകില്ലെന്നാണ് സൂചന. പദവി വെച്ചുമാറ്റത്തിൽ പ്രതിഷേധിച്ച് ഒരു സി.പി.എം കൗൺസിലർ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇവരെ അനുനയിപ്പിക്കാനായില്ലെങ്കിൽ പദവി മാറ്റം സാധ്യമാകില്ല. ഇതു സംബന്ധിച്ച ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. എങ്കിലും ടി.ഡി.എഫ് ആവശ്യത്തിന് വഴങ്ങുകയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.